ration

കൊച്ചി: റേഷൻ വിതരണത്തിനുള്ള കയറ്റിറക്ക് ജോലികൾ ചെയ്‌ത കരാറുകാർ ആകെ പെട്ട അവസ്ഥയിലാണ്. ജോലി ചെയ്തതിന്റെ കൂലി ലഭിക്കാനുള്ളത് കുടിശിക 65 കോടി രൂപ കവിഞ്ഞു. കരാർ തുകയുടെ നിശ്ചിത വിഹിതം അടയ്‌ക്കാത്തതിന് ക്ഷേമനിധി ബോർഡ് ഈടാക്കുന്നതാകട്ടെ 25 ശതമാനം പിഴയും! പിഴ ഒഴിവാക്കിയില്ലെങ്കിൽ അടുത്തമാസം അനിശ്ചിതകാലസമരം ആരംഭിക്കാനൊരുങ്ങുകയാണ് കരാറുകാർ.

അഞ്ചു മാസം സ്റ്റോക്ക് എടുത്ത് വാതിൽപ്പടി വിതരണം നടത്തിയതിന്റെ തുകയാണ് കരാറുകാർക്ക് ലഭിക്കാത്തത്. തുകയുടെ 40 ശതമാനം ക്ഷേമനിധി വിഹിതമാണ്. സിവിൽ സപ്ലൈസ് വകുപ്പ് ക്ഷേമനിധി ബോ‌ർഡിന് വിഹിതം നൽകാത്തതിനാലാണ് 25 ശതമാനം പിഴപ്പലിശ ക്ഷേമനിധി ബോർഡ് ഈടാക്കുന്നത്.

ക്ഷേമനിധിവിഹിതം അടയ്ക്കാത്തതിന് കരാറുകാർ റവന്യൂ റിക്കവറി നടപടി നേരിടുകയാണ്. തുക അടയ്ക്കാത്തതിനാൽ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ബിൽ സമർപ്പിച്ചാൽ ആദ്യത്തെ 90 ശതമാനം ആദ്യ ആഴ്ചയിലും ബാക്കി 10 ശതമാനം ഓഡിറ്റ് കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിലും നൽകണമെന്നാണ് വ്യവസ്ഥ. പലതവണ സപ്ലൈകോ സി.എം.ഡിക്കും ഭക്ഷ്യ വകുപ്പ് അധികൃതർക്കും നിവേദനം നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. ധനവകുപ്പ് അനുമതി നൽകാത്തതിനാൽ സപ്ലൈകോയ്ക്ക് ഫണ്ട് ലഭിക്കുന്നില്ലെന്നാണ് വിവരം,

ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ നൽകാനുള്ള തുകയുടെ 10 ശതമാനവും ആഗസ്റ്ര്, സെപ്തംബ‌ർ മാസത്തിലെ മുഴുവൻ തുകയുമടക്കം 65 കോടി രൂപയാണ് കരാറുകാ‌ർക്ക് ലഭിക്കാനുള്ളത്.


ആവശ്യങ്ങൾ

 അതത് മാസത്തെ ബില്ലിന്റെ 90 ശതമാനം കൃത്യമായി നൽകുക

 സമയബന്ധിതമായി ഓഡിറ്റ് പൂർത്തിയാക്കി ബാക്കി 10 ശതമാനം അനുവദിക്കുക

 25 ശതമാനം പലിശനിരക്ക് ഒഴിവാക്കുക

 ക്ഷേമനിധി വിഹിതം ബില്ലിൽ പിടിച്ച് സപ്ലൈകോ നേരിട്ട് നൽകുക

 കയറ്റിറക്ക് കൂലിയും ലോറിവാടകയും ഏകീകരിക്കുക

 ഭക്ഷ്യധാന്യങ്ങൾ തൂക്കി ബോദ്ധ്യപ്പെടുത്തി നൽകുക

 റേഷൻ കടകളിലേക്ക് റൂട്ട് ഓഫീസറുടെ സേവനം വേണം


ധനകാര്യ വകുപ്പിന്റെ പിടിപ്പുകേട് മൂലമാണ് സിവിൽ സപ്ലൈസിന് ഫണ്ട് ലഭിക്കാത്തത്. പലതവണ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

തമ്പി മേട്ടുതറ

സംസ്ഥാന പ്രസിഡന്റ്

കേരള എൻ.എഫ്.എസ്.എ ട്രാൻസ്പോർട്ടേഷൻ കോൺട്രാക്ടേഴ്സ് അസോസിയേഷൻ

തയ്യാറാക്കിയത്: ദീപക് എം.വി