വൈപ്പിൻ: എടവനക്കാട് കടൽ തീരത്ത് ടെട്രാ പോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമ്മിക്കാൻ 55.93 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി. ഇറിഗേഷൻ വകുപ്പാണ് എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി ഭരണാനുമതിക്കായി സമർപ്പിച്ചത്. 2004 ഡിസംബർ 26ന് ഉണ്ടായ സുനാമി ദുരന്തത്തിൽ എടവനക്കാട് മേഖലയിൽ കടൽഭിത്തി തകരുകയും 5 പേർ മരണമടയുകയും ചെയ്തിരുന്നു. തുടർന്നുള്ള എല്ലാ വർഷങ്ങളിലും കടൽക്ഷോഭത്തിൽ എടവനക്കാട് തീരത്ത് വീടുകളിലും പറമ്പുകളിലും വെള്ളം കയറുകയും പലപ്പോഴും പ്രദേശവാസികൾക്ക് താത്കാലികമായി മാറി താമസിക്കേണഅടി വരികയും ചെയ്യാറുണ്ടായിരുന്നു.
കടൽക്ഷോഭം രൂക്ഷമായിരുന്ന ചെല്ലാനത്ത് കഴിഞ്ഞ വർഷം ട്രെട്രാപോഡ് നിർമ്മിച്ചതിനെ തുടർന്ന് അവിടെ കടൽക്ഷോഭം പ്രതിരോധിക്കാൻ സാധിച്ചിരുന്നു. ഇതേ തുടർന്ന് എടവനക്കാടും ചെല്ലാനം മോഡൽ കടൽഭിത്തി നിർമ്മാണം ആവശ്യപ്പെട്ട് പലവട്ടം സമരങ്ങൾ നടന്നു.
ഭരണാനുമതി ലഭിച്ചതോടെ ഇനി സാങ്കേതികാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ വിളിച്ച് നിർമ്മാണം ആരംഭിച്ച് അടുത്ത മഴക്കാലത്തിന് മുമ്പ് കടൽഭിത്തി നിർമ്മാണം പൂർത്തികരിക്കാൻ കഴിയും.