
ആലുവ: ആലുവ മിനി സിവിൽ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ ലിഫ്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് സമർപ്പിച്ചു. തഹസീൽദാറിനെ ഉപരോധിച്ചതിനെ തുടർന്ന് ഒരാഴ്ച്ചക്കകം ലിഫ്ട് പ്രവർത്തന സജ്ജമാക്കുമെന്ന് ഉറപ്പു നൽകി.
കഴിഞ്ഞ 25ന് 'ആലുവ മിനി സിവിൽ സ്റ്റേഷന് ദുരിതകാലം' എന്ന തലക്കെട്ടിൽ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സിവിൽ സ്റ്റേഷനിലെ വിവിധ നിലകളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലേക്ക് വരുന്ന അംഗവൈകല്യമുള്ള ആളുകൾ ഉൾപ്പെടെ ദുരിതമനുഭവിക്കുകയാണ്. ഓഫീസുകളുടെ സേവനം ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് താഴത്തെ നിലയിൽ നൽകണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കന്മാർ ആവശ്യപ്പെട്ടു. സമരക്കാർ പ്രകടനമായാണ് സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്.
പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ മുഖ്യപ്രഭാഷണം നടത്തി. എം.എസ്. സനു, അനൂപ് ശിവശക്തി, ബാബു കൊല്ലംപറമ്പിൽ, ജി. മാധവൻകുട്ടി, സിറാജ് ചേനക്കര, വിപിൻദാസ് തുടങ്ങിയവർ സംസാരിച്ചു.