logo

മൂവാറ്റുപുഴ: സി.ബി.എസ്.ഇ. സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം സർഗധ്വനി 2024 മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിൽ നടക്കും. 28 ന് രചന മത്സരങ്ങളും ഒക്ടോബർ 3ന് ബാൻഡ് ഡിസ് പ്ലേ മത്സരവും 7,8,9 തീയതികളിൽ മറ്റു മത്സരങ്ങളും നടക്കും.

എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ 92 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം പ്രതിഭകൾ മൂന്ന് നാൾ നീണ്ട് നിൽക്കുന്ന കലോത്സവത്തിൽ മാറ്റുരക്കും. നാല് വിഭാഗങ്ങളിലായി പതിനഞ്ച് വേദികളിൽ 140 ഇനങ്ങളിലാണ് മത്സരം. വിജയികളാകുന്നവർക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ സാമൂഹ്യ സേവന വിഭാഗം അർഹരായ ഡയാലിസിസ് രോഗികൾക്ക് രണ്ടര ലക്ഷം രൂപയുടെ ചികിത്സാസഹായം നൽകും.

4 ന് രാവിലെ 11 ന് നിർമല പബ്ലിക് സ്കൂളിൽ കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും. 9 ന് വൈകിട്ട് 4.45 ന് നടക്കുന്ന സമാപന സമ്മേളനം കോതമംഗലം രൂപതാ വികാരി ജനറാൾ ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ജനറൽ കൺവീനർ ഫാ. പോൾ ചൂരത്തൊട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.