നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ)യുടെ സഹകരണത്തോടെ അത്താണി സെന്റ് ഫ്രാൻസിസ് അസീസി സ്‌കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നാളെ മിനി മാരത്തോണും ഫൺ റണും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ആറിന് സെന്റ് ഫ്രാൻസിസ് അസീസി സ്‌കൂൾ പരിസരത്ത് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന മാരത്തൺ ഫ്‌ളാഗ് ഓഫ് ചെയ്യും. 800 ഓളം പേർ പങ്കെടുക്കും. മിനി മാരത്തൺ 10 കിലോമീറ്ററിലും ഫൺ റൺ മൂന്ന് കിലോമീറ്ററിലുമാണ് നടക്കുന്നത്. മാരത്തണിലും ഫൺ റണിലും പ്രമുഖ രാജ്യാന്തര കായികതാരങ്ങളായ ജോസ് ഇല്ലിക്കൽ, ഐസക് കോമൻ, ടി.പി. ആശ, ആനന്ദ് കൃഷ്ണ, ആർ.എസ്. മനോജ്, പൗർണമി എന്നിവരും പങ്കെടുക്കും. എട്ട് കാറ്റഗറികളിലായാണ് മത്സരം.
സ്കൂൾ കവാടത്തിന് മുമ്പിൽ നിന്നാരംഭിക്കുന്ന മാരത്തോൺ കാംകോ, മേക്കാട്, മധുരപ്പുറം വഴി വട്ടപ്പറമ്പ് വരെ പോയ ശേഷം തിരിച്ചെത്തും. വിജയികളാകുന്നവർക്ക് 50,000 രൂപ സമ്മാനമായി നൽകും. വിജയികൾക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സമ്മാനങ്ങൾ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ ഫാ.ഡോ. അസിൻ തൈപ്പറമ്പിൽ, ടി.സി. ഷൈബി, കെ.വി. ഷാലി, കെ.എച്ച്. ഉബൈദ്, എം.ആർ. ഗിരീഷ് കുമാർ, എം.എസ്. അനുകൃഷ്ണ, കാതറിൻ അഗസ്റ്റിൻ എന്നിവർ സംബന്ധിച്ചു.