areekal

മൂവാറ്റുപുഴ : നാല് ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ഒരു കൂട്ടം വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനത്തിനായുളള കാത്തിരിപ്പ് തുടങ്ങിയിട്ട് പത്താണ്ട് കഴിയുന്നു. വിസ്മയ കാഴ്ചകളും സാഹസികതയും തീർത്ഥാടനവും സംയോജിക്കുന്ന അരുവിക്കൽ കാവ്, കായനാട് ചെക്ക്ഡാം, അരുവിക്കൽ വെള്ളച്ചാട്ടം, കൊടികുത്തി ഗുഹ, പുളിക്കൻ പാറ, മയിലാടും പാറ തുടങ്ങിയ വിനോദ സഞ്ചാര ഇടങ്ങളാണ് വികസനം തേടുന്നത്. മാറാടി, വാളകം, രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിലായാണ് പ്രകൃതി രമണീയമായ ഈ ദൃശ്യ വിരുന്നുകൾ ഉള്ളത്. കിഴക്കൻ മലനിരകളും വന മേഖലയും മനോഹര പ്രകൃതി ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന ഈ കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യമായാൽ ഗ്രാമീണ മേഖലകൾക്ക് വികസന കുതിപ്പേകും. ഇതിനായി മാറാടി ഗ്രാമ പഞ്ചായത്ത് 2021 ൽ പദ്ധതി തയാറാക്കി ടൂറിസം മന്ത്രിക്ക് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇവിടങ്ങളിൽ മറ്റു ജില്ലകളിൽ നിന്നു പോലും വലിയ തോതിൽ ജനങ്ങൾ‍ എത്തിത്തുടങ്ങിയതോടെയാണ് ടൂറിസം സർക്യൂട്ട് എന്ന ആശയം ഉയർന്ന് വന്നത്.

10 കിലോമീറ്ററിൽ

8 ടൂറിസം കേന്ദ്രങ്ങൾ

മാറാടി പഞ്ചായത്തിൽ

മയിലാടും പാറ, ശൂലം വെള്ളച്ചാട്ടം, അരുവിക്കൽ വനക്ഷേത്രം, പുളിക്കൻ പാറ എന്നിവ

രാമമംഗലം പഞ്ചായത്തിൽ

കൊടികുത്തി ഗുഹ.

പാമ്പാക്കുട പഞ്ചായത്തിൽ

അരുവിക്കൽ വെള്ളച്ചാട്ടം, അരീക്കൽ ഗുഹ

വാളകം പഞ്ചായത്തിൽ

കായനാട് ചെക്ക്ഡാം

വർണവിളക്കുകൾ സ്ഥാപിക്കാനും പ്രകൃതിഭംഗിക്ക് മിഴിവേകുന്ന ഉദ്യാനങ്ങളും മിയാവാക്കി വനങ്ങളും അതിലൂടെ നടപ്പാതകളും ഒരുക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യണം. ശൂലം വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറക്കുളത്തിന്റെ ഒരു ഭാഗത്ത് നാടൻകലകൾ അവതരിപ്പിക്കാനും കുടുംബശ്രീയുടെ സഹകരണത്തോടെ ഫുഡ് ഫെസ്റ്റിവലുകളും മറ്റും സംഘടിപ്പിക്കുന്നതിനും നടപടി ഉണ്ടായാൽ ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാവും

പ്രമോദ് തമ്പാൻ

അജുഫൗണ്ടേഷൻ ജനറൽ സെക്രട്ടറി