 
തൃപ്പൂണിത്തുറ: നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഹിന്ദുവിരുദ്ധ പ്രസ്താവനയും ജാതീയ അധിക്ഷേപവും നടത്തിയെന്നാരോപിച്ച് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാച്യു ജംഗ്ഷനിൽനിന്ന് പ്രകടനമായെത്തി നഗരസഭാ ഒഫീസ് കവാടത്തിന് മുന്നിൽ വൈസ് ചെയർമാന്റെ കോലം കത്തിച്ചു.
ഇരുമ്പനം പൊതുശ്മശാനം പ്ലാസ്റ്റിക് മാലിന്യകേന്ദ്രമാക്കുന്നതിന് എതിരെയുള്ള നാട്ടുകാരുടെ എതിർപ്പിനെ കൗൺസിലിൽ ശക്തമായ അവതരിപ്പിച്ച ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് പി.കെ. പീതാംബരനെ ജാതീയമായി അധിക്ഷേപിച്ച് സി.പി.എം നേതാവും നഗരസഭ വൈസ് ചെയർമാനുമായ കെ.കെ. പ്രദീപ്‌കുമാർ ഭരണഘടനാ ലംഘനം നടത്തിയെന്ന് ബി.ജെ.പി ആരോപിച്ചു.
നഗരസഭയിൽ ബുധനാഴ്ച കൂടിയ കൗൺസിലിൽ ഹിന്ദു ആചാരങ്ങളെയും പവിത്രമായ മരണാനന്തര ചടങ്ങുകളെയും കളിയാക്കിയും അവഹേളിച്ചും വൈസ് ചെയർമാൻ പ്രസ്താവന നടത്തിയെന്നാണ് പരാതി. ഇത് ഹൈന്ദവ മനസുകൾക്ക് നേരെയുള്ള അധിക്ഷേപമാണെന്നും പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും ഹിന്ദു ഐക്യവേദി മുനിസിപ്പൽ സമിതി ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, മീഡിയസെൽ കൺവീനർ നവീൻ കേശവൻ, ഭാരവാഹികളായി കെ.ടി. ബൈജു, രഞ്ജിത് രവി, അലക്സ് ചാക്കോ, ഉണ്ണി, അഡ്വ. പി.എൽ. ബാബു, വള്ളി രവി, യു. മധുസൂദനൻ, രാധികാ വർമ്മ, സാവിത്രി നരസിംഹറാവു, കെ.ആർ. രാജേഷ്, വള്ളി മുരളീധരൻ, സുധ സുരേഷ്, ഡെയ്സൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വൈസ് ചെയർമാനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
* ദുർവ്യാഖ്യാനം ചെയ്തു
ജാതീയമായി ആരേയും അധിക്ഷേപിച്ചിട്ടില്ല. ഭാരതീയ ജനതാപാർട്ടിയിൽ നിലനില്ക്കുന്ന ജാതിവിവേചനത്തേയും മതസ്പർദ്ധയേയും ചോദ്യംചെയ്തത് ദുർവ്യാഖ്യാനം ചെയ്തു.
കെ.കെ. പ്രദീപ്കുമാർ,
നഗരസഭ വൈസ് ചെയർമാൻ