ഫോർട്ടുകൊച്ചി: ടൂറിസം മേഖലയിൽ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായി. രാത്രികാലങ്ങളിലാണ് ബീച്ചിലും പരിസരത്തും കുട്ടികളുടെ പാർക്കിലും സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാർക്കിൽ ആധുനിക സംവിധാനത്തോടെ നിർമ്മിച്ച ടോയ്‌ലെറ്റിലെ സെൻസറിംഗ് സിസ്റ്റം ഉൾപ്പെടെ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. സി.എസ്.എം.എൽ ഫണ്ട് ഒന്നരക്കോടിരൂപ വിനിയോഗിച്ച് നവീകരിച്ച പാർക്കിൽ നിർമ്മിച്ച ടോയ്‌ലെറ്റാണിത്. ഇവിടേക്ക് നിലവിൽ മൂക്ക് പൊത്താതെ കയറാൻ പറ്റില്ല. പൊലിസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. പകൽ സമയത്ത് പോലും ഈ ഭാഗത്തേക്ക് സഞ്ചാരികൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.