കൊച്ചി: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന വിവിധ വികസന ക്ഷേമ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി നടത്തിപ്പ് സംബന്ധിച്ച പുരോഗതി വിലയിരുത്താനായി എല്ലാ മാസവും അവലോകന യോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കുന്നത്തുനാട്, ആലുവ മണ്ഡലങ്ങളിലെ ഹോസ്റ്റലുകൾ ഉടൻ പ്രവർത്തനമാരംഭിക്കുന്നതിന് മന്ത്രി നിർദ്ദേശം നൽകി. ഉപരിപഠനത്തിന് വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്ന പട്ടിക വർഗ വിദ്യാർത്ഥികൾക്ക് നൽകുന്ന 25 ലക്ഷം രൂപയുടെ ധനസഹായത്തിന് എറണാകുളം ജില്ലയിൽ നിന്ന് ആദ്യമായി അർഹയായ ജ്യോതിക സജീവന് മന്ത്രി വിദേശ യാത്രയ്ക്കുള്ള വിസ കൈമാറി.

പട്ടികജാതി വകുപ്പിന്റെ ഹോം സർവേ ആദ്യം പൂർത്തിയാക്കിയ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യയെ മന്ത്രി ആദരിച്ചു. എം.എൽ.എമാരായ പി.വി. ശ്രീനിജൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, ആന്റണി ജോൺ, മേയർ എം. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കുറ ശ്രീനിവാസ്, ജില്ലാ വികസന കമ്മിഷണർ അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു