
കൊച്ചി: എസ്.സി, എസ്.ടി നഗറുകളിൽ വാഹനമെത്താൻ സൗകര്യമൊരുക്കുമെന്ന് പട്ടികജാതി വർഗ ക്ഷേമവകുപ്പു മന്ത്രി ഒ.ആർ. കേളു പറഞ്ഞു. വാഹനസൗകര്യമില്ലാത്ത നഗറുകൾ കണ്ടെത്താൻ പഠനം നടത്തും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ജില്ലാതല അവലോകനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എസ്.സി, എസ്.ടി പ്രൊമോട്ടർമാരുടെ ഫീൾഡ് തല പ്രവർത്തനം ശക്തിപ്പെടുത്തും. റോഡ്, വൈദ്യുതി, വെള്ളം എന്നിവ എല്ലാ നഗറുകളിലും ഉന്നതികളിലും ഉറപ്പാക്കും. പിന്നാക്ക വിഭാഗക്കാർക്ക് തിരിച്ചറിയൽ രേഖ നൽകും.
വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റും. ഭൂമിയില്ലാത്തവർക്ക് ലാൻഡ് ബാങ്ക് വഴി ലഭ്യമാക്കും.
ഓരോ നിയോജക മണ്ഡലത്തിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. പിന്നാക്ക വിഭാഗക്കാരുടെ കുട്ടികൾ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നതിൽ ശ്രദ്ധ ചെലുത്താനും മന്ത്രി നിർദ്ദേശിച്ചു.
വകുപ്പിന് കീഴിലുള്ള പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ പൊതുനിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ തയാറാക്കുമ്പോൾ വകുപ്പ് ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
പൂക്കോട്ടെ ഡീനിനെയും
വാർഡനെയും
തിരിച്ചെടുക്കരുത്
തിരുവനന്തപുരം: ബിരുദ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി.വാർഡനെയും തിരിച്ചെടുക്കാനുള്ള ഭരണസമിതി തീരുമാനം തടയണമെന്ന് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി പരാതി നൽകി.
സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹരിപ്രസാദിന്റെ റിപ്പോർട്ടിൽ ഡീനും അസി. വാർഡനും കുറ്റക്കാരാണെന്നും നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി (മാനേജിംഗ് കൗൺസിൽ) ഭൂരിപക്ഷ അഭിപ്രായത്തിന്റെ മറവിൽ ഇവരെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. വിസി, മാനേജിംഗ് കൗൺസിൽ അംഗമായ ടി. സിദ്ദിഖ് എം.എൽ.എ അടക്കം നാലുപേർ വിയോജിച്ചു. സച്ചിൻദേവ് എം.എൽ.എ അടക്കം 12 അംഗങ്ങൾ അനുകൂലിച്ചു. സമിതിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും തിരിച്ചെടുക്കുന്നത് തടഞ്ഞ് നടപടിക്ക് നിർദ്ദേശിക്കണമെന്നുമാണ് ഗവർണർക്കുള്ള പരാതിയിലെ ആവശ്യം.
അതേസമയം, കോളേജ് ഡീനിനേയും അസി. വാർഡനേയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാനുള്ള ഭരണസമിതിയുടെ തീരുമാനം വിസി ഡോ: കെ.എസ്.അനിൽ ഗവർണർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗവർണറുടെ അനുമതി ലഭിച്ചശേഷമേ ഭരണസമിതി തീരുമാനം വിസി നടപ്പിലാക്കൂ.
അഗസ്ത്യാർകൂടം ട്രക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ അഗസ്ത്യാർകൂടം ഓഫ്സീസൺ ട്രക്കിംഗ് ആരംഭിച്ചു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിംഗ്. 5 അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങൾക്കാണ് അനുമതി. www.tvmwildlife.comൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.