ഫോർട്ടുകൊച്ചി: മൺമറഞ്ഞ അനശ്വര ഗായകരായ എച്ച്. മെഹബൂബ്, സി.ഒ. ആന്റോ, ഗസൽ ഉമ്പായി എന്നിവരുടെ സ്മരണാർത്ഥം വിദ്യാർത്ഥികൾക്കായി നടത്തുന്ന മലയാള ചലച്ചിത്ര ഗാനമത്സരം കൊച്ചി കലോത്സവത്തിന് ഇന്ന് വൈകിട്ട് 4ന് വാസ്കോഡഗാമ സ്ക്വയറിൽ തിരിതെളിയും. എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം. 3.30ന് ചെസ്റ്റ് നമ്പർ നൽകും. പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. മത്സരശേഷം ഗസൽസന്ധ്യ, ആടാം പാടാം സംഗീത വിരുന്ന്, സാംസ്കാരിക സമ്മേളനം എന്നിവ നടത്തും. മേയർ എം. അനിൽകുമാർ, ഗായിക ദലീമ എം.എൽ.എ, കെ.ജെ. മാക്സി എം.എൽ.എ, സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, മധു ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.