
ആലങ്ങാട്: വലിയ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ വിവിധ മേഖലകളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ചൊവ്വരയിൽ നിന്ന് കുടിവെള്ളം പമ്പ് ചെയ്യുന്ന 500 എം.എം വ്യാസമുള്ള സി.ഐ പൈപ്പാണ് ഇന്നലെ പുലർച്ചെ 5.30ന് ആലുവ- പറവൂർ റോഡിൽ മറിയപ്പടിക്ക് സമീപം വച്ച് പൊട്ടിയത്. ഇതോടെ റോഡ് തകരുകയും സമീപത്തെ വീട്ടിലേക്കു വൻതോതിൽ വെള്ളം ഇരച്ചു കയറുകയും ചെയ്തു. പറവൂരിലേക്കു കുടിവെള്ളം പമ്പു ചെയ്യുന്ന പ്രധാന കുഴലാണിത്. ഇതോടെ കരുമാലൂർ, പറവൂർ ഭാഗത്തെ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. വലിയ പൈപ്പായതിൽ രണ്ടുദിവസം ഭാഗികമായി കുടിവെള്ളം മുടങ്ങുമെന്നാണ് അറിയിപ്പ്. കുടാതെ അറ്റകുറ്റപ്പണികൾ ഇന്ന് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റോഡ് തകർന്നതോടെ ആലുവ പറവൂർ പ്രധാനപാതയുടെ ഒരു വശം ചേർന്നുള്ള വാഹനയാത്രയും ദുഷ്കരമായി.