കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ രണ്ടുകോടി രൂപയുടെ നാല് പദ്ധതികൾ റോട്ടറി ഫൗണ്ടേഷൻ വേൾഡ് ചെയർമാൻ മാർക്ക് മലോനി ഉദ്ഘാടനം ചെയ്തു. റോട്ടറി ഫൗണ്ടേഷൻ മൾട്ടി ഡിസ്ട്രിക്ട് കോൺക്ലേവിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ സെൻട്രലും റോട്ടറി ക്ലബ് കൊച്ചിൻ ടൈറ്റൻസും ചേർന്നാണ് 1.3 കോടി രൂപയുടെ ആദ്യ മൂന്ന് പദ്ധതികൾ നിർവഹിക്കുന്നത്. ഹീമോഡയാലിസിസിന്റെ 16 അത്യാധുനിക മെഷീനുകളും 18 കിടക്കകളും 16 മൾട്ടി-പാരാ മോണിറ്ററുകളും ഉൾപ്പെടുന്നതാണ് പദ്ധതികൾ.
റോട്ടറി ഡയാലിസിസ് വാർഡിന് ഓരോ ആഴ്ചയും 336 ജീവൻ രക്ഷാ നടപടിക്രമങ്ങൾ നടത്താനും ഒരു സമയം 125 വൃക്ക രോഗികളെ ചികിത്സിക്കാനും കഴിയും.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ജോസഫ് വാചാപറമ്പിൽ, അനിൽ വർമ, ഡോ.സി.എം. രാധാകൃഷ്ണൻ തുടങ്ങിയവരും പദ്ധതികളുമായി സഹകരിക്കും.
കാർഡിയോ വാസ്‌കുലർ, തൊറാസിക് സർജറി വിഭാഗത്തിന് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനാണ് റോട്ടറി ഫൗണ്ടേഷന്റെ ആഗോള ഗ്രാന്റ്.