ktm

കൊച്ചി: കേരളത്തെ സൗഖ്യ ടൂറിസം (വെൽനെസ് ടൂറിസം) ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരള ട്രാവൽ മാർട്ടിന്റെ പന്ത്രണ്ടാമത് എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നിക്ഷേപങ്ങൾ ആകർഷിക്കാൻ ടൂറിസം മേഖലയ്ക്കും സാധിക്കും. സമാധാനപരമായ അന്തരീക്ഷം, ആരോഗ്യസംവിധാനം, മതനിരപേക്ഷത എന്നിവ ടൂറിസം വഴി വിദേശങ്ങളിലെത്തിച്ച് കൂടുതൽ നിക്ഷേപമെത്തിക്കാം. നൂതനമായ സംരംഭങ്ങൾ ടൂറിസം മേഖലയിൽ വരണമെന്ന് അദ്ദേഹം പറഞ്ഞു.

ധനമന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയായി. മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. സെല്ലേഴ്‌സ് ഡയറക്ടറി ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു. ടൂറിസം സെക്രട്ടറി കെ. ബിജു, എം.എൽ.എമാരായ കെ. ബാബു, കെ.ജെ മാക്‌സി, ടി.ജെ വിനോദ്, മേയർ അഡ്വ.എം. അനിൽകുമാർ, കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ എൻ.എസ്‌.കെ ഉമേഷ് തുടങ്ങിയവർ സംസാരിച്ചു. കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് സ്വാഗതവും സെക്രട്ടറി എസ്. സ്വാമിനാഥൻ നന്ദിയും പറഞ്ഞു.

ടൂറിസം ഇൻകുബേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നു

പുതിയ സംരംഭങ്ങൾക്കായി ടൂറിസം ഇൻകുബേഷൻ ആൻഡ് ഇന്നവേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിക്ഷേപകർ, വ്യവസായികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം കേന്ദ്രത്തിലുണ്ടാകും. യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്ക് സാദ്ധ്യത പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.


വെല്ലിംഗ്ടൺ ഐലൻഡിറിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിൽ 27, 28, 29 തിയതികളിലായാണ് മാർട്ട് നടക്കുന്നത്.