പറവൂർ: ജ്യോതിശാസ്ത്രം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തണമെന്നും താന്ത്രിക - ജ്യോതിഷ രംഗത്തെ അതുല്യ പ്രതിഭയായിരുന്നു പറവൂർ ശ്രീധരൻ തന്ത്രിയെന്നും ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പറഞ്ഞു. അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ സമ്മേളനവും പറവൂർ ശ്രീധരൻ തന്ത്രി അനുസ്മരണവും താന്ത്രിക ജ്യോതിഷ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ പ്രസിഡന്റ് പറവൂർ ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം പ്രബുദ്ധകേരളം മാസിക പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണവും ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് തൃക്കുന്നപ്പുഴ ഉദയകുമാർ ശ്രീധരൻതന്ത്രി അനുസ്മരണ പ്രഭാഷണവും സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ എസ്. വാരിയർ ആമുഖപ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രേയസ് എസ്. നമ്പൂതിരി മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ശ്രീകുമാർ, കെ.ടി. ബിനീഷ് എന്നിവർ സംസാരിച്ചു.
ജ്യോതിഷ സെമിനാറിൽ തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ജ്യോതിഷ വിഭാഗം മേധാവി ഡോ. ഇ.എൻ. ഈശ്വരൻ നമ്പൂതിരിയും താന്ത്രിക സെമിനാറിൽ തന്ത്രവിദ്യാപീഠം വൈസ് പ്രിൻസിപ്പൽ ചെങ്ങോത്ത് ശ്രീനിവാസൻ പോറ്റിയും വിഷയാവതരണം നടത്തി.