1
ഫോർട്ടുകൊച്ചിയിലെ വീട്ടിൽ തീപിടിച്ച് നശിച്ച വസ്തുക്കൾ

ഫോർട്ടുകൊച്ചി: റിഡ്സ് ഡേൽ ബ്രാഞ്ച് റോഡിൽ ചക്കാലക്കൽ ട്രീസ ജോർജിന്റെ ഉടമസ്ഥതയിലുള്ള ഇരുനില വീടിന്റെ മുകളിലെ നിലയിൽ തീ പിടിച്ചു. വീടിന്റെ മുകളിലെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന മാർട്ടിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ വില്പനക്കാരനായ മാർട്ടിൻ മുറിയിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾ മുഴുവനും കത്തിനശിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.

സംഭവസമയത്ത് മാർട്ടിന്റെ മകനും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. സുഖമില്ലാതെയിരിക്കുന്ന ഭാര്യയെ പെട്ടെന്ന് താഴേക്ക് എത്തിച്ച് രക്ഷപ്പെടുത്തി.

മട്ടാഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ വി. വലന്റൈന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അസി. സ്റ്റേഷൻ ഓഫീസർ പി.എ. അബ്ബാസ്, ഫയർമാൻമാരായ ടി.എസ്. നിധിൻ, ടി. ലജുമോൻ, എം. പ്രജോ, എ.വി. ജിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.