
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഒരു കിലോ 60 ഗ്രാം സ്വർണത്തിൽ 130 ലേറെ പവൻ ആഭരണങ്ങൾ വഴിപാടായി നൽകി ചെന്നൈയിൽ നിന്നുള്ള ഭക്തദമ്പതികൾ. വലിയ കാശ് മാല, ചെറിയ കാശ് മാല, സ്വർണ്ണ താമര, താലി എന്നിവയാണ് ചെന്നൈ സ്വദേശികളും പത്മ ഗ്രൂപ്പ് ഉടമയുമായ പത്മ,ആനന്ദ് ദമ്പതികൾ വഴിപാട് ആയി നൽകിയത്. 86,033,30 രൂപയാണ് വില. ദേവസ്വം അപ്രൈസർ രാമചന്ദ്രൻ പി ജി.വഴിപാടായി ലഭിച്ച മാലകൾ പരിശോധിച്ചു സ്വർണ്ണം ആണെന്ന് ഉറപ്പുവരുത്തി ദേവസ്വം അധികാരികൾക്ക് സമർപ്പിച്ചു.
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ ആറ് ദിവസം ബാക്കി നിൽക്കുകയാണ് ഭഗവതിക്ക് കാണിക്കുകയായി മാലയും താമരയും സമർപ്പിച്ചത്. ക്ഷേത്രം മേൽശാന്തി മാരായ മനോജ് എമ്പ്രാന്തിരി, ടി.പി അച്യുതൻ, ദേവസ്വം ബോർഡ് മെമ്പർ മുരളീധരൻ, അസിസ്റ്റന്റ് കമ്മീഷണർ ബിജു ആർ. പിള്ള, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ എന്നിവരാണ് സമർപ്പണ ചടങ്ങിൽ പങ്കെടുത്തത്. ജി. ആർ. ടി ജ്വല്ലറി ചെന്നൈയാണ് ആഭരണങ്ങൾ നിർമ്മിച്ചു നൽകിയത്.
30 വർഷമായി ചോറ്റാനിക്കര ദേവിയുടെ ഭക്തരാണ് ഇരുവരും. ചെന്നൈ സ്വദേശികളായ ഇവരുടെ വീടിന്റെ പേര് തന്നെ ചോറ്റാനിക്കര ഭഗവതി ഇല്ലം എന്നാണ്. പത്മ ഗ്രൂപ്പിന്റെ കീഴിൽ സ്റ്റീൽ, ട്രാൻസ്പോർട്ട്, ഹോട്ടൽ, സോളാർ പവർ പ്ലാന്റ് തുടങ്ങിയ ബിസിനസ് നടത്തിവരികയാണ്. മക്കൾ: ശരവണൻ, മനോ, ഐ വിൽ.
37 കാശ് മാലയിൽ തമിഴിൽ ഓരോ കാശിലും അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ എന്ന് ആലേഖനം ചെയ്തിരുന്നു. 908.90 ഗ്രാം തൂക്കമുള്ള മാലയും സ്വർണ്ണത്തിൽ നിർമ്മിച്ച 70.760 തൂക്കം വരുന്ന താമരയും മേൽക്കാവിൽ ഭഗവതിക്ക് സമർപ്പിച്ചു.
52.2008 തൂക്കം വരുന്ന ചെറിയ അടക്ക് കാശ് മാല കീഴ് കാവിൽ സമർപ്പിച്ചു.
ചെറിയ താലി നടയിൽ വച്ചതിനുശേഷം ദേവസ്വം അധികാരികളുടെ സമ്മതത്തോടെ പത്മ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു.
സർവ്വ ഐശ്വര്യങ്ങളും നൽകിയത് ചോറ്റാനിക്കര അമ്മയാണ്. ഏഴുവർഷം മുമ്പ് ഗോളക സമർപ്പിച്ചതും മേൽക്കാവിൽ വെള്ളി പൊതിഞ്ഞതും ആഗ്രഹ സാഫല്യങ്ങളുടെ ഭാഗമായിരുന്നു. 30 വർഷമായി ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ സ്ഥിരമായി എത്താറുണ്ട്
പത്മ