
എടക്കാട് വയൽ : ഗർഭിണിപ്പശുവിനെ വെട്ടിയ കേസിൽ റിമാൻഡിൽ കഴിയുന്ന രാജുവിന് ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം ജാമ്യത്തുക, ഇന്ത്യ വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, മുളന്തുരുത്തി സ്റ്റേഷൻ പരിധിയായ എടക്കാട്ടുവയൽ, ആമ്പല്ലൂർ, മുളന്തുരുത്തി എന്നീ പഞ്ചായത്തുകളിൽ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 നും 11 മണിക്കും ഇടയിൽ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം എന്നീ കർശന ഉപാധികളോടെയാണ് ജാമ്യം.
കഴിഞ്ഞമാസം പത്താം തീയതി കിണറ്റിലേക്ക് മലിനജലം എത്തിയെന്നാരോപിച്ച് എടക്കാട്ട് വയൽ പള്ളിക്കാനിരപ്പിൽ മനോജിന്റെ വീട്ടിലെ പശുക്കളെയാണ് വെള്ളക്കാതടത്തിൽ വീട്ടിൽ രാജു (50) വെട്ടിക്കൊന്നത്. ഇയാളെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു.
പശുക്കളുടെ നിലവിളി കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിത (45)യുടെ കൈയിലും വലതുകാലിൽ കോടാലി ഉപയോഗിച്ച് പ്രഹരിച്ചതിനെ തുടർന്ന് മനോജിന്റെ മകൻ മനുവിന്റെ (21) കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റിരുന്നു.