
കൊച്ചി: ആയ കാലത്ത് പ്രേമലേഖനം എഴുതി കൈയക്ഷരം നന്നായവർക്കും ഫലമുണ്ടായവർക്കും തകർന്നുപോയവർക്കും വീണ്ടും കഴിവ് തെളിയിക്കാൻ അവസരം. രമണന്റെയും ചന്ദ്രികയുടെയും പ്രണയകാവ്യം മലയാളികൾക്ക് സമ്മാനിച്ച, പ്രണയത്തിന് നിത്യവസന്തം പകർന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമാണ് പ്രണയലേഖനമെഴുത്ത് മത്സരം. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയാണ് സംഘാടകർ. ആർക്കും പങ്കെടുക്കാം. പ്രായപരിധിയില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനം ലഭിക്കും.
മൊബൈൽ മെസേജുകളിൽ പ്രണയം പൂക്കുന്ന കാലത്ത്, പ്രണയാക്ഷരങ്ങൾ യുവാക്കളിൽ നിന്ന് അന്യമാകുന്നുവെന്ന് ചിന്തിപ്പിക്കുന്നതാണ് മത്സരത്തോടുള്ള പ്രതികരണം. അന്വേഷണങ്ങൾക്കും രജിസ്ട്രേഷനും കുറവില്ലെങ്കിലും ബഹുഭൂരിഭാഗവും 50 കഴിഞ്ഞവരാണ്. ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ രണ്ടു പേർ മാത്രമാണ് 30ൽ താഴെ പ്രായമുള്ളവർ. കൗമാരക്കാർ ആരുമില്ല. പെൺകുട്ടികളും കുറവാണ്.
പ്രേമം വിഷയമായി വീഡിയോ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഈ മത്സരത്തിനും നല്ല പ്രതികരണമാണ്. ഏതാനും വീഡിയോകൾ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.
അക്ഷരശ്ളോകം, കാവ്യകേളി മത്സരങ്ങൾ സെപ്തംബർ 29ന് നടക്കും. വിവരങ്ങൾക്ക് : 0484 2343791, 8078156791
ചങ്ങമ്പുഴ ജന്മദിനാഘോഷം
ഒക്ടോബർ 8, 9, 10 തീയതികളിൽ
ചങ്ങമ്പുഴയുടെ പ്രണയസങ്കല്പം
സമ്മേളനങ്ങളിലെ പ്രധാന വിഷയം
ഒക്ടോബർ 8: വൈകിട്ട് ആറിന് എൻ.എസ്.മാധവന്റെ പ്രഭാഷണം. 7ന് വയലിൻ കച്ചേരി.
ഒക്ടോബർ 9: 6ന് പി.എഫ്.മാത്യൂസിന്റെ പ്രഭാഷണം, 7ന് പ്രണയലേഖനം, പ്രണയവീഡിയോ പ്രദർശനങ്ങൾ. തുടർന്ന് പ്രണയത്തെക്കുറിച്ച് കവി സി.എസ്. രാജേഷ്, എം.ജി.സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ഹെന, നടൻ പ്രണവ് ഏക എന്നിവർ പങ്കെടുക്കുന്ന ചർച്ച.
ഒക്ടോബർ 10: രാവിലെ ചങ്ങമ്പുഴ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന, പത്തിന് കവിസമ്മേളനം. വൈകിട്ട് 5.30ന് കെ.പി.മോഹനന്റെ അനുസ്മരണ പ്രഭാഷണം.