
കൊച്ചി: കേരള ട്രാവൽ മാർട്ട് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ഉണർവാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ടു വർഷത്തിനിടെ റെക്കാഡ് ആഭ്യന്തര സഞ്ചാരികളെ ആകർഷിച്ച സംസ്ഥാന ടൂറിസത്തെ മുന്നോട്ടുനയിക്കാൻ കേരള ട്രാവൽ മാർട്ടിനാകുമെന്നും (കെ.ടി.എം) മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ മാർട്ടായ കെ.ടി.എം പന്ത്രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള എക്സ്‌പോ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിനോദസഞ്ചാര വൈവിദ്ധ്യങ്ങളും ദൃശ്യചാരുതകളുമായി പുറത്തിറക്കിയ കേരള ടൂറിസത്തിന്റെ 'എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോയ്ക്ക് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു. ആകെ 347 സ്റ്റാളുകളാണ് കെടിഎമ്മിലുള്ളത്.
മികച്ച പങ്കാളിത്തം
ആഭ്യന്തര ബയർമാർ 2,035
വിദേശ ബയർമാർ 804