മൂവാറ്റുപുഴ: എൽ.ഡി.എഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റുന്നതിന് ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത് കോൺഗ്രസ് പാർട്ടിയിൽ മാത്രമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. അതിനുള്ള ജനാധിപത്യ യുദ്ധം ആരംഭിക്കുകയാണെന്നും മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിത്താഴത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്ക് എതിരെ നടപടി സ്വീകരിക്കുക, വയനാട് ദുരന്തത്തിന്റെ പേരിലുള്ള കള്ളക്കണക്കും ഫണ്ട് തട്ടിപ്പും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അദ്ധ്യക്ഷനായി. എ. മുഹമ്മദ് ബഷീർ, പി.പി. എൽദോസ്, കെ.എം. പരീത്, ഉല്ലാസ് തോമസ്, പി.എസ്. സലിം ഹാജി, പി.എം. ഏലിയാസ്, കെ.ജി. രാധാകൃഷ്ണൻ, അഡ്വ എൻ. രമേശ്, ഒ.പി. ബേബി എന്നിവർ സംസാരിച്ചു.