
പള്ളുരുത്തി: പള്ളുരുത്തി പൊതു ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സൗകര്യമില്ല. ഇതോടെ മൃതദേഹവുമായി പള്ളുരുത്തിയിലെയും സമീപ പ്രദേശത്തിലെയും നിവാസികൾക്ക് കൂവപ്പാടം പൊതു ശ്മശാനം, ഇടക്കൊച്ചി ശ്മശാനം എന്നിവിടങ്ങളിലേയ്ക്ക് പോകണം. മരണം കൂടുതലായതിനാൽ സൗകര്യമില്ലെന്ന കാരണമാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ചൂള പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.
രണ്ട് വിറക് ചുളയും രണ്ട് ഗ്യാസ് ചൂളയുമാണ് ഇവിടെ പണികഴിപ്പിച്ചിരിപ്പിക്കുന്നത് എന്നാൽ വർഷങ്ങളായി ഗ്യാസ് ചൂള പ്രവർത്തിക്കാറില്ല . രണ്ട് വിറക് ചൂള മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഒരു ചൂളയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരു ചൂള മാത്രമേ പ്രവർത്തിക്കുന്നത്.
തോപ്പുംപടി , പള്ളുരുത്തി , ഇടക്കൊച്ചി , പെരുമ്പടപ്പ് , മുണ്ടം വേലി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ ഏക ആശ്രയമാണ് പള്ളുരുത്തി പൊതു ശ്മശാനം.
2005 ൽ മുൻ മന്ത്രി ഡോമനിക് പ്രസന്റേഷനാണ് പൊതു ശ്മശാനം ജനങ്ങൾക്കായി തുറന്ന് കൊടുത്തത്. അന്നത്തെ മേയർ സി.എം. ദിനേശ് മണി മുൻകൈയെടുത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് സ്മൃതി വനം നിർമ്മിച്ചത്. ഇന്ന് സ്മൃതി വനം കാട് പിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി.
ഫീസ് തോന്നുംപടി
മൃതദേഹം ദഹിപ്പിക്കുന്നതിന് തോന്നും പടിയാണ് ഇവിടെ ഫീസ് ഈടാക്കുന്നതെന്നാണ് ആക്ഷേപം. കൊവിഡ് സമയത്ത് 2000 രൂപ വാങ്ങുന്ന സ്ഥാനത്ത് 6000 രൂപ വരെ വാങ്ങിയതായി നാട്ടുകാർ കൊച്ചിൻ കോർപ്പറേഷന് പരാതി നൽകിയിരുന്നു. എന്നിട്ടും അധികാരികൾ നടപടി സ്വീകരിച്ചില്ല.
നാല് ചൂളയും അടിയന്തരമായി പ്രവർത്തിക്കാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന്
സി.ജി. പ്രതാപൻ
ഭാരവാഹി
എസ്.എൻ എസ് . വൈ. എസ്
അടിയന്തരമായി നാല് ചൂളയും പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കും
സോണി . കെ ഫ്രാൻസിസ്
കൗൺസിലർ