padam

കൊച്ചി: കൊച്ചി വളർച്ചയിലേക്ക് കുതിക്കുമ്പോഴും നഗരത്തിന് നാണക്കേടായി നിലകൊള്ളുന്ന കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡ് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. അടുത്തമാസം തുടങ്ങുന്ന സൗന്ദര്യവത്കരണത്തിന് മുന്നോടിയായി ശുചീകരണ പരിപാടിക്ക് ഇന്നലെ തുടക്കമായി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊച്ചി നഗരസഭാ ഹരിത കേരളം മിഷനും ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നവീകരണം.

മുമ്പ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ സ്റ്റാൻഡിൽ നേരിട്ടെത്തി പൊതുജനങ്ങളുടെ ദുരിതം മനസിലാക്കിയിരുന്നു. തുടർന്ന് സ്റ്റാൻഡ് തറനിരപ്പ് ഉയർത്തി വെള്ളക്കെട്ട് തടയുമെന്നും വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

പൊളിച്ചു പണിയാൻ ഫണ്ടില്ലാത്തതിനാൽ നിലവിലെ കെട്ടിടം നിലനിറുത്താനാണ് തീരുമാനം. പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് സൗന്ദര്യ വത്കരണം നടക്കുന്നത്.

ചടങ്ങിൽ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ, കെ.എസ്.ആർ.ടി.സി ട്രാൻസ്‌പോർട്ട് ഓഫീസർ കെ. ടോണി, കൗൺസിലർ സുധാ ദിലീപ്, നഗരസഭാ അഡീഷണൽ സെക്രട്ടറി മുഹമ്മദ് ഷാഫി, അഡ്വ. സാബു കെ വർഗീസ്, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൻ നിസാനി ഷാദ് തുടങ്ങിയവർ സന്നിഹതരായിരുന്നു.

 ലക്ഷ്യമിടുന്നത്
പുതിയ ശുചിമുറികൾ
മതിലുകൾ പെയിന്റിംഗ്
മാലിന്യങ്ങൾ നീക്കം ചെയ്ത് പൂന്തോട്ടം
തരിശുഭൂമിയിൽ പച്ചക്കറി കൃഷി
കാനകൾ വൃത്തിയാക്കുക
ഇരിപ്പിടങ്ങൾ ഒരുക്കുക
ലൈറ്റുകൾ ഘടിപ്പിക്കുക
സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുക

മന്ത്രിയുടെ അന്ന് പറഞ്ഞത്

സ്റ്റാൻഡിലെ നാശാവസ്ഥയിലായ ടോയ്‌ലെറ്റടുകൾ പൊളിച്ചു പണിയാൻ ടെൻഡർ വിളിക്കും. നടത്തിപ്പിന് പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തും.

താത്കാലിക പരിഹാരമെന്ന നിലയിൽ തോട്ടിൽ നിന്ന് വെള്ളം കയറാതിരിക്കാൻ മൂന്നടിയോളം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും.

റെയിൽവേ ലൈനിന്റെ അടിയിലൂടെ വെള്ളം ഒഴുക്കി കളയാൻ പൈപ്പ് സ്ഥാപിക്കുന്നതിന് റെയിൽവേയുമായി ചർച്ച ചെയ്യും.