
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ആഗസ്റ്റ് വരെയുള്ള തുക രണ്ടാഴ്ചയ്ക്കകം പൂർണമായും വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇല്ലെങ്കിൽ ഹർജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 14ന് പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഹാജരാകണം. പദ്ധതി നടപ്പാക്കാൻ പ്രധാനാദ്ധ്യാപകർ കൈയിൽനിന്ന് പണം ചെലവഴിക്കേണ്ടിവരുന്നെന്ന സാഹചര്യം ചൂണ്ടിക്കാട്ടി കെ.പി.എസ്.ടി.എ അടക്കം നൽകിയ ഹർജികളിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ നിർദ്ദേശം.
ജൂലായിലെ 60 ശതമാനവും ആഗസ്റ്റിലെ മുഴുവൻ തുകയും കിട്ടാനുണ്ടെന്നും കേന്ദ്രവിഹിതം വിതരണം ചെയ്തിട്ടില്ലെന്നും ഹർജിക്കാർ വിശദീകരിച്ചു.
ടി.കെ.എം എൻജി. കോളേജ് അലുംമ്നി ഓണാഘോഷം 29ന്
തിരുവനന്തപുരം: ടി.കെ.എം.എൻജിനിയറിംഗ് കോളേജ് അലുംമ്നി അസോസിയേഷൻ ഓണാഘോഷം 29ന് രാവിലെ 10മുതൽ വെണ്ണല എൻജിനിയേഴ്സ് ക്ളബിൽ നടക്കും.ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ജഗതിരാജ്,കൊച്ചിൻ ഷിപ്പ് യാർഡ് ടെക്നിക്കൽ ഡയറക്ടർ ബിജോയ് ഭട്ക്കർ എന്നിവർ സംസാരിക്കും.ടി.കെ.എമ്മിലെ പൂർവ്വവിദ്യാർത്ഥി പ്രൊഫ.ഗായത്രി വിജയലക്ഷ്മിയുടെ ക്ളാസിക്കൽ ഡാൻസ്, മെൻഡലിസ്റ്റ് പ്രവീണിന്റെ പരിപാടി എന്നിവയും ഉണ്ടായിരിക്കുമെന്ന് അലുംമ്നി അസോസിയേഷൻ പ്രസിഡന്റ് എ.ആർ.സതീഷ് അറിയിച്ചു.
കുട്ടികളുമായി
രക്ഷിതാക്കൾ
സമരം നടത്തരുത്
കൊച്ചി: പത്തുവയസിൽ താഴെയുള്ള കുട്ടികളുമായി രക്ഷിതാക്കൾ സമരത്തിനെത്തിയാൽ കർശനനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. തിരിച്ചറിവില്ലാത്ത കുട്ടികളുമായി ഒരുസമരവും വേണ്ട. കളിച്ചുനടക്കേണ്ട പ്രായത്തിൽ ഇത്തരം കാര്യങ്ങൾക്ക് കൊണ്ടുവരേണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
മൂന്ന് വയസുള്ള കുട്ടിയുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ വെയിലത്ത് സമരം നടത്തിയതിന് തിരുവനന്തപുരത്തെ ദമ്പതികൾക്കെതിരെ എടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് നിർദ്ദേശം.
ശ്രദ്ധയാകർഷിക്കാൻ കുട്ടികളെ കൊണ്ടുവരുന്നത് അനുവദിക്കാനാവില്ല. കുട്ടികൾ സമൂഹത്തിന്റെ സ്വത്താണ്. ശബ്ദകോലാഹലങ്ങൾ അവരെ ഭയപ്പെടുത്തും.
എസ്.എ.ടി ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം തങ്ങളുടെ മറ്റൊരു കുട്ടി മരിച്ചതിൽ നഷ്ടപരിഹാരംതേടി ഹർജിക്കാർ മൂന്നുവയസുള്ള കുട്ടിയുമായി സെക്രട്ടേറിയറ്റിനു മുന്നിൽ 59ദിവസം സമരം നടത്തിയിരുന്നു. രക്ഷിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു.
ഒക്ടോബർ 11ന് പൊതുഅവധി പ്രഖ്യാപിക്കണം:എൻ.ജി.ഒ സംഘ്
പത്തനംതിട്ട : ദുർഗാഷ്ടമി ദിവസമായ ഒക്ടോബർ 11ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി. നവരാത്രി കാലത്തെ പൂജവയ്പ് ഒക്ടോബർ 10നാണ്. പുസ്തകവും ആയുധങ്ങളും പൂജവച്ചുകഴിഞ്ഞാൽ വിജയദശമി ദിവസമായ 13നാണ് പൂജയെടുക്കുന്നത്. സർക്കാർ കലണ്ടറിൽ പൂജവയ്പ് 10ന് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാവിജയത്തിനും തൊഴിൽ വിജയത്തിനുമുള്ള പൂജകൾ നടക്കുമ്പോൾ വായനയും തൊഴിൽ ചെയ്യുന്നതും ഒഴിവാക്കണം എന്നാണ് ആചാരം. 11ന് അവധി നൽകാത്തത് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടാണ് അവധി ആവശ്യപ്പെട്ട് നിവേദനം നൽകിയതെന്ന് എൻ. ജി. ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ അറിയിച്ചു.