dr-vincy-varghese
ഡോ. വിൻസി വർഗീസ്

മരട്: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മരട് കാളാത്ര ജംഗ്ഷനിൽ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരിയായ ആയുർവേദ ഡോക്ടർക്ക് ദാരുണാന്ത്യം. മരട് വി.ടി.ജെ എൻക്ലേവ് ബണ്ടുറോഡ് തെക്കേടത്ത് ഡോ. വിൻസി വർഗീസാണ് (42) മരിച്ചത്.

പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യവൈദ്യ ഫാർമസി ക്ലിനിക്കിലേക്ക് പോകവേ രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിലായിരുന്നു. പൂച്ചാക്കലിൽ മണലിറക്കി പട്ടിമറ്റത്തേക്കു മടങ്ങുകയായിരുന്നു ലോറി. സ്കൂട്ടർ ലോറിയുടെ ഇടതുവശത്തുകൂടി പോകുമ്പോൾ പാതയിലെ കുഴിയും പാതയോരത്തെ ബോർഡുംകണ്ട് വെട്ടിച്ചപ്പോൾ ലോറിയിൽ തട്ടി വീണതാകാമെന്നാണ് പ്രാഥമികനിഗമനമെന്ന് പൊലീസ് പറഞ്ഞു. പിൻചക്രത്തിന് അടിയിൽപ്പെട്ട വിൻസി തത്ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് 10ന് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. കൊച്ചിൻ ഷിപ്പ്‌യാർഡ് ജനറൽ മാനേജർ രഞ്ജൻ വർഗീസാണ് ഭർത്താവ്. മകൾ: അഹാന (കളമശേരി രാജഗിരി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി).

ലോറിഡ്രൈവർ ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. ലോറിയും കസ്റ്റഡിയിലെടുത്തു. മന:പൂർവമല്ലാത്ത നരഹത്യയ്ക്കെതിരെയാണ് കേസ്.