നെടുമ്പാശേരി: ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ മൂന്ന് മുതൽ 13 വരെയാണ് ആഘോഷം. പത്തിനാണ് അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ പുസ്തങ്ങൾ പൂജക്ക് വെക്കുന്നത്. ക്ഷേത്രത്തിൽ മഹാനവമി ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുന്നുണ്ട്. വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ബുക്കിംഗിനുള്ള ലിങ്ക് ക്ഷേത്ര വെബ്‌സൈറ്റിൽ ലഭ്യമാണ്. 33-ാമത് നവരാത്രി ക്ലാസിക്കൽ നൃത്തസംഗീതോത്സവം ഒക്ടോബർ മൂന്നിന് വൈകീട്ട് ക്ഷേത്രം തന്ത്രി പ്രതിനിധി നാരായണ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.