
കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടാൻ മകൾ ആശ ലോറൻസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തിങ്കളാഴ്ച പരിഗണിക്കും.
ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശേരി മെഡിക്കൽ കോളേജിന്റെ തീരുമാനം ചോദ്യംചെയ്താണ് ഹർജി.
മൃതദേഹം പഠനത്തിന് നൽകുന്നതിനെതിരെ ഹർജിക്കാരി നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലോറൻസിന്റെ മൂന്ന് മക്കളെയും കേട്ട് തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് സിംഗിൾബെഞ്ച് ഹർജി തീർപ്പാക്കിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. മൂന്ന് മക്കളെയും കേട്ട് മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കൽസമിതി തീരുമാനത്തെയാണ് ഹർജിക്കാരി എതിർക്കുന്നത്. മൂത്തമകന്റെയും പാർട്ടിയുടെയും സ്വാധീനത്തിന് വഴങ്ങിയാണ് മൃതദേഹം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും സമിതിയിൽ നിന്ന് തനിക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടെന്നും ഹർജിയിൽ പറയുന്നു.