കൊച്ചി : തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിന്റെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കൊച്ചിൻ ദേവസ്വം ബോർഡിന് പരാതി നൽകി.
ഒഫീഷ്യൽ ശ്രീപൂർണത്രയീശ ക്ഷേത്രം എന്ന പേരിലായിരുന്നു അക്കൗണ്ട്. ക്ഷേത്രത്തിലെ മുൻ ഉപദേശക സമിതി ഭാരവാഹി 2022ൽ സമിതിക്ക് വേണ്ടി ആരംഭിച്ചതായി കരുതുന്ന അക്കൗണ്ടിന് 7800 ഫോളോവേഴ്സ് ഉണ്ട്. സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും പേജ് ലൈവായി തുടരുകയായിരുന്നു. ഇത് സാമ്പത്തിക നേട്ടത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ടാകുമെന്നും ഐ.ടി. ആക്ട് പ്രകാരം കേസെടുക്കാൻ വേണ്ട നടപടികൾ ദേവസ്വം ആരംഭിക്കണമെന്നുമാണ് ദേവസ്വം തൃപ്പൂണിത്തുറ അസി. കമ്മിഷണർക്ക് നൽകിയ പരാതിയിലെ ആവശ്യം. തുടർനടപടികൾക്കായി പരാതി ദേവസ്വം ബോർഡ് ആസ്ഥാനത്തേയ്ക്ക് കൈമാറിയിട്ടുണ്ട്.