കൊച്ചി: അർജുന് ആദരമായി റൂബിക്സ് ക്യൂബിൽ ചിത്രമൊരുക്കി വേറിട്ട യാത്രാമൊഴി നൽകി സഹോദരങ്ങൾ. മുളന്തുരുത്തി ആമ്പല്ലൂർ തോട്ടത്തിൽ വീട്ടിൽ ബിജോയ് - ഇന്ദു ദമ്പതികളുടെ മക്കളായ അഭിനവ് കൃഷ്ണ (11), അദ്വൈത് കൃഷ്ണ (6) എന്നിവരാണ് മലയാളികൾ നെഞ്ചോടു ചേർത്ത ലോറി ഡ്രൈവർ കോഴിക്കോട് അങ്ങാടിക്കൽ സ്വദേശി അർജുന്റെ ചിത്രമൊരുക്കിയത്.
ഗംഗാവലി പുഴയുടെ ആഴങ്ങളിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ നീളുമ്പോൾ എല്ലാ ദിവസവും സ്കൂൾ വിട്ടു വന്നിട്ട് അവർ ഇന്ദുവിനോടു ചോദിക്കും. ''ആ ചേട്ടനെ കിട്ടിയോ അമ്മേ?..."" ഇല്ലെന്ന് കേൾക്കുമ്പോൾ നിരാശരാകും. അർജുനെ നേരിൽ കണ്ടിട്ടില്ലാത്ത കൊച്ചുസഹോദരങ്ങളിൽ അന്നു പതിഞ്ഞതാണ് ആ മുഖം. അർജുന്റെ ഭൗതികശരീരം കണ്ടെത്തിയെന്ന് അറിഞ്ഞതോടെ സ്നേഹമറിയിക്കാൻ തീരുമാനമെടുത്തു.
തുടർന്ന് കാതങ്ങൾ ഇപ്പുറമുള്ള തങ്ങളുടെ വീട്ടുമുറ്റത്ത് കുട്ടികൾ ചിത്രസമർപ്പണമൊരുക്കി. കുടുംബസുഹൃത്തായ സംവിധായകൻ ശ്യാം മംഗലത്ത് പ്രോത്സാഹനം നൽകി.
പിച്ച വച്ചപ്പോഴേ റൂബിക്സ് ക്യൂബിനോടായിരുന്നു കുട്ടികൾക്ക് പ്രിയമെന്ന് ഇന്ദു പറയുന്നു. അഞ്ചു വയസായപ്പോഴേക്കും അഭിനവ് ക്യൂബുകൾ അതിവേഗം സോൾവ് ചെയ്ത് തുടങ്ങി. പിന്നാലെ അദ്വൈതും മികവ് കാട്ടി. എസ്.എം.എ അബാക്കസ് റൂബിക്സ് ക്യൂബ് കോമ്പറ്റീഷനിൽ അഭിനവ് തുടർച്ചയായ മൂന്ന് തവണയും അദ്വൈത് ഈ വർഷവും ദേശീയതലത്തിൽ ഒന്നാംസ്ഥാനം നേടി. യുട്യൂബിൽ കണ്ട വീഡിയോകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കഴിഞ്ഞവർഷമാണ് ഇരുവരും റൂബിക്സ് ക്യൂബ് ആർട്ടിലേക്ക് തിരിഞ്ഞത്. ഇവർ തയാറാക്കിയ സൂപ്പർസ്റ്റാർ ചിത്രങ്ങൾ വൈറലായിരുന്നു. അർജുന്റെ ഛായാചിത്രം തയാറാക്കുന്നതിന്റെ വീഡിയോ ഒട്ടേറെപ്പേർ ഷെയർ ചെയ്തു.
അഭിനവ് പൂത്തോട്ട കെ.പി.എം ഹൈസ്കൂളിൽ ആറാം ക്ലാസിലും അദ്വൈത് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യു.പി സ്കൂളിൽ ഒന്നാംക്ലാസിലും പഠിക്കുന്നു. അച്ഛൻ ബിജോയ്ക്ക് കൊച്ചി ഇൻഫോപാർക്കിലാണ് ജോലി. വീട്ടിലിപ്പോൾ വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള 500 ക്യൂബുകളുണ്ട്. ഇവ 34 ഇനങ്ങളിലാണ്.
വേണ്ടിവന്നത്
300 ക്യൂബുകൾ
അർജുന്റെ ഛായാപടത്തിന് 300 റൂബിക്സ് ക്യൂബുകളാണ് ഉപയോഗിച്ചത്. പി.ഡി.എഫ് ക്രിയേറ്ററിൽ തീർത്ത രൂപം നോക്കിയാണ് ചിത്രം തയാറാക്കിയത്. രണ്ടുമണിക്കൂർ കൊണ്ട് പൂർത്തിയായി.