security

കൊച്ചി: ' ഊണും ഉറക്കവും കളഞ്ഞാണ് ഓരോ മത്സരത്തിനും സുരക്ഷാ ഗാർഡുമാരെ എത്തിച്ചത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനോടുള്ള ഇഷ്ടവും ചെറിയൊരു വരുമാനവുമായിരുന്നു താത്പര്യം . പക്ഷേ കൂട്ടുകാർക്കും നാട്ടുകാർക്കും മുന്നിലിപ്പോൾ കള്ളന്മാരെ പോലെ തലകുനിച്ചുനടക്കുകയാണ്’ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) കൊച്ചിയിലെ മത്സരങ്ങൾ സുരക്ഷാ ഗാർഡുമാരെ നൽകാൻ വാക്കാൽ ഉപകരാറെടുത്ത് കടക്കെണിയിലായ ഇടപ്പള്ളി സ്വദേശി അരുൺ ശിവന്റെയും അരൂർ സ്വദേശി അപ്പുവിന്റെയും വാക്കുകളിൽ നിഴലിച്ചുനിന്നത് ദയനീയത.

കഴിഞ്ഞ രണ്ട് സീസണുകളിലായി സുരക്ഷാ ഗാർഡുമാരെ നൽകിയതിലൂടെ ഏഴ് ലക്ഷത്തോളം രൂപയാണ് 24 ലും 23 നും പ്രായമുള്ള യുവാക്കൾക്ക് കിട്ടാനുള്ളത്. മറ്റുവഴികൾ അടഞ്ഞതോടെ പൊലീസിനെ സമീപിച്ചിരിക്കുകയാണിവർ. പരാതിയിൽ കണ്ണൂർ കുഞ്ഞുമംഗലം സ്വദേശിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഗാർഡുമാരായാണ് അരുണും അപ്പുവും ഐ.എസ്.എല്ലിന്റെ കരാർ സുരക്ഷാ ടീമിന്റെ ഭാഗമാകുന്നത്. പ്രവർത്തന മികവുകൊണ്ട് സൂപ്പർവൈസറായ ഇരുവരും കണ്ണൂർ സ്വദേശിയുടെ വാക്കിൽവീണ് ഉപകരാർ എടുത്തു. രണ്ട് സീസണുകളിലായി ഓരോ മത്സരത്തിനും 600 രൂപ നിരക്കിൽ 100 വീതം യുവാക്കളെ എത്തിച്ചു. പണം പിന്നീട് നൽകാമെന്ന വാക്കുവിശ്വസിച്ച് സുഹൃത്തുക്കളെയടക്കം ഗാർഡുമാരായി കൊണ്ടുവന്നു.

രണ്ടും സീസണിലും പൈസയില്ല

ആദ്യസീസണിൽ ഒന്നര ലക്ഷത്തോളം രൂപ കിട്ടാക്കടമായി. രണ്ടാം വർഷം കടമെല്ലാം തന്നുതീ‌ർക്കുമെന്ന് കരുതി ഗാർഡുമാരെ എത്തിച്ചെങ്കിലും ഒരുരൂപപോലും നൽകിയില്ല. ഇതോടെയാണ് ഇരുവരും കൈയിൽ നിന്ന് പണം നൽകേണ്ട അവസ്ഥയിലേക്കെത്തിയത്.

ബൗൺസേഴ്‌സ് അടക്കം 300 പേരാണ് പൊലീസിന് പുറമേ കൊച്ചിയിലെ ഐ.എസ്.എൽ മത്സരങ്ങൾക്കായി വേണ്ടത്. നേരത്തെ ഒരു സ്വകാര്യ ഏജൻസിക്കായിരുന്നു കരാർ. ഇവരെ ഒഴിവാക്കേണ്ടിവന്നതോടെയാണ് കണ്ണൂർ സ്വദേശി ഈ കരാറെടുത്തത്. ഉപകരാറെടുത്ത മറ്റുപലർക്കും പണം കിട്ടാനുണ്ട്.

മെക്കാനിക്കായ അരുണും മെഡിക്കൽ റെപ്പായി ജോലി ചെയ്യുന്ന അപ്പുവും ഈ സീസണിലും ഉപകരാറെടുത്ത് ഗാർഡുമാരെ നൽകുന്നുണ്ട്. നാലര ലക്ഷംരൂപ അപ്പുവിന് കിട്ടാനുണ്ട്.

583 ഗാർഡുകളെയാണ് എത്തിച്ചത്. 3.62 ലക്ഷം രൂപ കിട്ടാനുണ്ട്. പലിശയ്‌ക്കെടുത്തും ബൈക്ക് വിറ്റും വരെ പണം കൊടുത്തു. പൈസ ചോദിച്ച് ആളുകൾ വീട്ടിൽ വരികയാണ്. മറ്റ് മാർഗമെല്ലാം അടഞ്ഞതോടെയാണ് പരാതി നൽകിയത്

അരുൺ ശിവൻ

ബുദ്ധിമുട്ടിലാണ് പൈസ പിന്നീട് തരാമെന്ന് പറഞ്ഞാലും ഒരു പ്രശ്‌നവുമില്ല. പക്ഷേ പണമെല്ലാം തന്നുതീർത്തെന്നും തങ്ങൾ അത് തിരിമറിചെയ്‌തെന്നും ഗാർഡുമാരായി വന്നവരോട് പറഞ്ഞുപരത്തിയത് മാസികമായി തളർത്തി. കഴിഞ്ഞ മത്സരത്തിൽ അരുണിനെ ഗാർഡുമാരെല്ലാം തടഞ്ഞുവച്ചു.

അപ്പു