k
മരങ്ങൾ വളർന്ന് ആശുപത്രി വളപ്പിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിനെ മറച്ചപ്പോൾ

* വെളിച്ചം മറച്ച് പ‌ടർന്ന് പന്തലിച്ച മരങ്ങൾ

തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രി പരിസരം കൂരിരുട്ടിലാണ്. പത്തുവർഷം മുമ്പ് കെ. ബാബു എം.എൽ.എ മുൻകൈ എടുത്ത് ആശുപത്രി വളപ്പിൽ മുൻഭാഗത്തെ മതിലിനോട് ചേർന്ന് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിലെ പ്രകാശം നിലവിൽ മരങ്ങൾ വളർന്ന് മറച്ചിരിക്കുകയാണ്. ആശുപത്രിയുടെ മുൻഭാഗത്തെ കാഷ്വാലിറ്റി, റോഡ്, ഓട്ടോറിക്ഷാ സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഇതിൽ നിന്ന് വെളിച്ചം കിട്ടുമായിരുന്നു. തൃപ്പൂണിത്തുറയിലെ ഏറ്റവും തിരക്കേറിയ ഈ പ്രദേശം രാത്രിയിൽ കൂരിരുട്ടിലാണ്. തൊട്ടുമുന്നിലെ വാഹനത്തിരക്ക് ഏറെയുള്ള മൂന്നുംകൂടിയ ജംഗ്ഷനാണെങ്കിലും ആവശ്യത്തിന് വഴിവിളക്കുകൾ ഇല്ല.

ഹൈമാസ്റ്റ് ലൈറ്റിലെ 6 ബൾബുകളിൽ 4 എണ്ണമേ തെളിയുന്നുള്ളൂ. ഇവിടെ നട്ടുവളർത്തിയ ആൽമരം പടർന്ന് പന്തലിച്ചുനിന്ന് വെളിച്ചം മറയ്ക്കുന്നതിനാലാണ് താഴേക്ക് വേണ്ടരീതിയിൽ കിട്ടാത്തത്.

ജംഗ്ഷനിലെ കച്ചവടസ്ഥാപനങ്ങളുടെ ലൈറ്റുകളാണ് വഴിയാത്രക്കാർക്ക് അല്പമെങ്കിലും വെളിച്ചമേകുന്നത്. എന്നാൽ കടകൾ അടയ്ക്കുന്നതോടെ ആശുപത്രി ഉൾപ്പെടെയുള്ള ജംഗ്ഷൻ കൂരിരുളിലാകുന്നു. അടുത്തുള്ള ബസ് സ്റ്റാൻഡിൽനിന്ന് രാത്രി ബസിറങ്ങിവരുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർക്കും വാഹനയാത്രികർക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.

യാത്രക്കാർക്ക് തണലേകുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുക വിമർശനങ്ങൾക്കിടയാക്കും. വെളിച്ചത്തിനുവേണ്ടി ഹൈമാസ്റ്റ് ലൈറ്റ് മാറ്റിസ്ഥാപിക്കുകയാണ് പരിഹാരമെന്ന് ചൂണ്ടിക്കാട്ടുന്നു.