ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എടയാറ്റുചാലിലേക്ക് കാർഷികാവശ്യത്തിനായി വെള്ളമെത്തിക്കാൻ തയ്യാറാക്കിയ ഒന്നരക്കോടി രൂപയുടെ പദ്ധതി രാസമാലിന്യത്താൽ നിറയുമെന്ന് ആക്ഷേപം. വ്യവസായശാലകളിലെ രാസമാലിന്യം വന്നടിയുന്ന സ്ഥലത്താണ് സോയിൽ കൺസർവേഷൻ മോട്ടോർ സ്ഥാപിക്കുന്നത്. എടയാറ്റുചാലിലേക്ക് വെള്ളം എത്തിച്ചിരുന്ന പരമ്പരാഗതമായ ചാക്കാലത്തോട് വ്യവസായ മാലിന്യങ്ങൾ നിറഞ്ഞും പെരിയാറിലെ റെഗുലേറ്റർ കം ബ്രഡ്ജിന്റെ നിർമ്മാണത്തോടെയും നശിച്ചിരുന്നു. കൃഷിഭൂമിയിൽ നിറയുന്ന മാലിന്യങ്ങൾ പ്രദേശത്തെ കുടിവെള്ളം മലിനമാക്കുന്നത് ഒഴിവാക്കാൻ നേരത്തെ പെരിയാറിൽ നിന്ന് ചാക്കാലത്തോട് വഴി കയറ്റുന്ന വെള്ളം ഡീ വാട്ടറിംഗ് നടത്തിയിരുന്നു. ഈ സംവിധാനം നിലച്ചപ്പോൾ ചാക്കാലത്തോടിന് സമാന്തരമായി എടയാറ്റുചാലിലേക്ക് പൈപ്പ് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
എടയാറ്റുചാലിലെ കൃഷിഭൂമിയിലേക്ക് വെള്ളമെത്തിക്കുന്നതിനും പരമ്പരാഗത തോടുകൾ പുനഃരുദ്ധരിക്കാനുമാണ് സോയിൽ കൺസർവേഷൻ പദ്ധതി തയ്യാറാക്കിയത്. പദ്ധതി എടയാർ, മുപ്പത്തടം, എരമം പ്രദേശത്തെ ജനങ്ങൾക്ക് വളരെ പ്രതീക്ഷ നൽകിയിരുന്നു. കൃഷിയേക്കാളുപരി ചാലിലെ മലിനജലം ഒഴുക്കി കളയുന്ന വാട്ടറിംഗ് ആൻഡ് സീ വാട്ടറിംഗ് പുനഃരാരംഭിച്ചാൽ ശുദ്ധജലം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റെഗുലേറ്റർ കം ബ്രിഡ്ജിന് മുകളിലായി മലിനജലം കെട്ടിനിൽക്കുന്ന ഭാഗത്താണ് വാട്ടറിംഗിനുള്ള മോട്ടോർ സ്ഥാപിക്കുന്നത്. ഇത് എടയാറ്റുചാലിൽ വീണ്ടും മലിനജലം അടിഞ്ഞുകൂടാൻ മാത്രമേ വഴിവയ്ക്കൂവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാലത്തിന് മുകളിൽ കെട്ടിനിൽക്കുന്ന വെള്ളം തുറന്ന് വിടുന്ന സമയങ്ങളിൽ പെരിയാറിൽ മത്സ്യങ്ങൾ ചത്തുപോങ്ങുന്നത് പതിവാണ്. ഈ വിഷമാലിന്യമാണ് മോട്ടോർ ഉപയോഗിച്ച് എയാറ്റുചാലിലേക്ക് അടിച്ചുകയറ്റാൻ പോകുന്നത്.
സ്ഥലം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ലെന്ന് പ്രസിഡന്റ്
മോട്ടോർ സ്ഥാപിക്കാനുള്ള സ്ഥലം സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ല. ഒക്ടോബർ 15ന് പദ്ധതിയുടെ ശിലാസ്ഥാപനം നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ സ്വാഗതസംഘവും രൂപീകരിച്ചു. എന്നാൽ മോട്ടോർ സ്ഥാപിക്കുന്നത് എവിടെയാണെന്ന് തീരുമാനമായിട്ടില്ല.
സുരേഷ് മുട്ടത്തിൽ
പ്രസിഡന്റ്
ഗ്രാമപഞ്ചായത്ത്
രാസമാലിന്യത്തിൽ മോട്ടർ സ്ഥാപിക്കാൻ അനുവദിക്കില്ല
വ്യവസായ മേഖലയിലെ രാസമാലിന്യം വന്നടിയുന്ന ഭാഗത്ത് റഗുലേറ്റർ കം ബ്രിഡ്ജിന് തൊട്ടുമുകളിൽ മോട്ടോർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് നാസർ എടയാറും എരമം വാർഡ് പ്രസിഡന്റ് ടി.കെ. ചന്ദ്രനും അറിയിച്ചു. റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം ശിലാസ്ഥാപനം നടത്തുന്നതിന് അധികൃതർ സ്ഥലം വൃത്തിയാക്കിയിട്ടിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.