കൊച്ചി: എഴുപത്തിയഞ്ചുകാരിയായ വയോധികയെ ആശുപത്രിയിലുപേക്ഷിച്ച് മകൻ. എറണാകുളം ജനറൽ ആശുപത്രിയിലാണ് സംഭവം. തേവര സ്വദേശിനി ഇട്ടിക്കുന്ന് വീട്ടിൽ തങ്കമ്മയെ ആഗസ്റ്റ് നാലിനാണ് തുടയസ്ഥി പൊട്ടി ജനറൽ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യാവസ്ഥ ഉൾപ്പെടെ മറ്റ് പല കാരണങ്ങളാൽ നീണ്ടുപോയ ശസ്ത്രക്രിയ സെപ്തംബർ ആറിനാണ് നടത്തിയത്. ഒരു മാസത്തെ തുടർ ചികിത്സയ്ക്കിടെയെല്ലാം ഇവർക്കൊപ്പം മകൻ ജെറാൾഡ് ജോർജും ഉണ്ടായിരുന്നു.
നിലവിൽ സ്ത്രീകളുടെ ഓർത്തോ വാർഡിൽ തുടരുന്ന തങ്കമ്മയെ ഇക്കഴിഞ്ഞ 26ന് ഡിസ്ചാർജ് ചെയ്തു. പിന്നാലെ ജെറാൾഡിനെ കാണാതായി. പലവട്ടം ആശുപത്രി അധികൃതർ ഫോണിൽ ബന്ധപ്പെട്ടിട്ടെങ്കിലും ലഭിച്ചില്ല. ഒടുവിൽ ഫോൺ സ്വിച്ച് ഓഫും ചെയ്തു.
നിലവിൽ ഒപ്പം കൊണ്ടുപോകാൻ ആളില്ലാത്തതിനാൽ തങ്കമ്മ ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇതോടെ പൊലീസിൽ അറിയിച്ച ശേഷം ഇവരെ ഓൾഡ് ഏജ് ഹോമിലേക്ക് മാറ്റാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ.