കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ പാലാരിവട്ടം -കാക്കനാട് മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരംകാണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലേക്ക്. ഇതിന്റെ ആദ്യപടിയായി നാളെ വൈകിട്ട് അഞ്ചിന് ആലിൻചുവടിൽ ബഹുജന പ്രതിഷേധപ്രകടനം നടത്തും. പാലാരിവട്ടം-കാക്കനാട് ഭാഗങ്ങളിലെ റോഡുകളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. കൃത്യമായ മുന്നൊരുക്കം ഉണ്ടാകാതിരുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. പൊടിശല്യം കുറയ്ക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് വാർഡനെ നിയമിക്കുമെന്ന് പറഞ്ഞിരുന്നെങ്കി​ലും നടപ്പിലായില്ല. യാത്രാദുരിതം പരിഹരിക്കുന്നതുവരെ പ്രതിഷേധവുമായി മന്നോട്ടു പോകുമെന്ന് ഉമ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധ പ്രകടനത്തിൽ ഹൈബി ഈഡൻ എം.പി, രാഷ്ട്രീയപാർട്ടി ഭാരവാഹികൾ, ട്രാക്ക്, എഡ്രാക്, വ്യാപാരി വ്യവസായി സംഘടന, ബസ് ഓപ്പറേറ്റർ അസോസിയേഷൻ, ടാക്‌സി, ഓട്ടോറിക്ഷ യൂണിയൻ പ്രതിനിധികൾ പങ്കെടുക്കും.