പറവൂർ: പറവൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളക്ഷാമം രൂക്ഷമായി. വെള്ളം കിട്ടാതായതോടെ നഗരത്തിലെ ചില ഹോട്ടലുകൾ അടച്ചു. പറവൂർ നഗരസഭയിലേക്കും കോട്ടുവള്ളി, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, വടക്കേക്കര, പള്ളിപ്പുറം, കുഴുപ്പിള്ളി, നായരമ്പലം തുടങ്ങിയ പഞ്ചായത്തുകളിലേക്കും പറവൂർ പമ്പ് ഹൗസിൽ നിന്നാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. ചില പഞ്ചായത്തുകളിൽ ഒരാഴ്ചയിലധികമായി കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ചൊവ്വരയിൽ നിന്നാണ് പറവൂർ പമ്പ്ഹൗസിൽ വെള്ളമെത്തുന്നത്. ഇതിന് കാര്യമായ തടസങ്ങളില്ല. പമ്പ്ഹൗസിൽ നിന്ന് പമ്പിംഗും പതിവുപോലെ നടക്കുന്നുണ്ട്. എന്നാൽ പലപ്രദേശത്തും വെള്ളമെത്തുന്നില്ല.
കുടിവെള്ളപൈപ്പുകൾ വൃത്തിയാക്കുന്ന പ്രവൃത്തി വർഷങ്ങളായി നടന്നിട്ടില്ല. ഓരോ പ്രദേശങ്ങളിലേയും പൈപ്പുകളുടെ അവസാന ഭാഗം തുറന്ന് അഴുക്കുകൾ കളഞ്ഞാണ് പൈപ്പ് വൃത്തിയാക്കുന്നത്. വർഷത്തിലൊരിക്കൽ ഈ പ്രവൃത്തി നടന്നിരുന്നതാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് പറവൂർ നഗരസഭ കൗൺസിലർമാർ വാട്ടർ അതോറിട്ടി അസി. എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചെയർപേഴ്സൺ ബീനശശിധരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ പങ്കെടുത്തു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജി നമ്പിയത്ത്, വനജ ശശികുമാർ, കൗൺസിലർമാരായ എൻ.ഐ. പൗലോസ്, ജി. ഗിരീഷ്, എം.കെ. ബാനർജി, ഡി. രാജ്കുമാർ, വി.എ. പ്രഭാവതി, ജോബി പഞ്ഞിക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.
കുടിവെള്ളമെത്താതിന്റെ കാരണം വാട്ടർ അതോറിട്ടിക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല പ്രധാന വാൽവുകളും പരിശോധിച്ചെങ്കിലും ഇവിടെയൊന്നും തകരാറുള്ളതായി കാണുന്നില്ല വാൽവുകൾക്ക് സമീപത്ത് എന്തെങ്കിലും കയറി അടഞ്ഞതാകാമെന്ന് നിഗമനം ഇത് പരിശോധിച്ച് കണ്ടെത്താൻ സമയമെടുക്കുമെന്നാണ് വാട്ടർ അതോറിട്ട് അധികൃതർ പറയുന്നത്.