ആലുവ: സുപ്രീംകോടതി ഉത്തരവിലൂടെ അവസാനനിമിഷം ആലുവ ശിവരാത്രി വ്യാപാരമേളയുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും നടത്തിപ്പ് ഏറ്റെടുത്ത ഷാ എന്റർടെയ്‌ൻമെന്റ് ഗ്രൂപ്പ് നഗരസഭയിൽ അടച്ച ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഒക്ടോബർ നാലിനകം ഇതുസംബന്ധിച്ച സത്യവാംഗ്‌മൂലം സമർപ്പിക്കാൻ ഹൈക്കോടതി നഗരസഭക്ക് നിർദ്ദേശം നൽകി.
അതേസമയം, ശിവരാത്രിയുമായി ബന്ധപ്പെട്ട് മണപ്പുറത്തെ വൈദ്യുതിവത്കരണ ഇനത്തിൽ കെ.എസ്.ഇ.ബിക്ക് 2.31 ലക്ഷവും വാട്ടർ അതോറിട്ടിക്ക് 1.45 ലക്ഷവും മണപ്പുറം ക്ളീനിംഗ് ഇനത്തിൽ നഗരസഭക്ക് 14,062 രൂപയും കരാറുകാരൻ നൽകാനുണ്ട്. ഇതിന് പുറമെ മണപ്പുറത്തെ താത്കാലിക സർക്കാർ ഓഫീസുകൾ ഒരുക്കിയ നിലയിൽ ലൈല ഡെക്കറേഷന് 7.73 ലക്ഷം രൂപയും നൽകാനുണ്ട്.
കരാറുകാരൻ നഗരസഭയിൽ ഡെപ്പോസിറ്റായി നൽകിയിട്ടുള്ളത് 11 ലക്ഷം രൂപയാണ്. സ്വകാര്യ സ്ഥാപനമാണെങ്കിലും ലൈല ഡെക്കറേഷന്റെ തുകയും ഡെപ്പോസിറ്റിൽ നിന്ന് പിടിക്കാനാണ് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്. കോടതി നിർദ്ദേശപ്രകാരം കൗൺസിൽ തീരുമാനം ഷാ ഗ്രൂപ്പ് ഉടമ ആദിൽഷായെ മൂന്നാം തിയതി നഗരസഭ ഓഫീസിൽ വിളിച്ചുവരുത്തി അറിയിക്കും. തുടർന്ന് നാലാം തീയതി കോടതിയിൽ റിപ്പോർട്ട് നൽകും.