sahodaya
സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ കലോത്സവം സർഗധ്വനിയുടെ ഭാഗമായുള്ള രചന മത്സരങ്ങൾ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ നടക്കുന്നു

മൂവാറ്റുപുഴ: കൗമാര യുവതയുടെ സർഗ വാസനകൾ ചിറകു വിടർത്തി സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ കലോത്സവം സർഗധ്വനിയുടെ ഭാഗമായുള്ള മത്സരങ്ങൾക്ക് തുടക്കമായി. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ നടന്ന രചനാ മത്സരങ്ങളിൽ ഇടുക്കി, എറണാകുളം, തൃശൂർ, ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള ആയിരത്തി നാനൂറോളം പ്രതിഭകൾ മാറ്റുരച്ചു. നാല് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരം. പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ്, പദ്യ, പ്രബന്ധ, കഥാ രചനകൾ, പോസ്റ്റർ ഡിസൈൻ, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ ഇനങ്ങളിൽ ആയിരുന്നു മത്സരം നടന്നത്. കാലിക പ്രസക്തി ഉള്ളതായിരുന്നു മത്സരാർത്ഥികൾക്ക് നൽകിയ വിഷയങ്ങളിൽ ഏറെയും. കലയുടെ കേളികൊട്ട് ഉയർത്തി ഒക്ടോബർ 7 മുതൽ 9 വരെ അരങ്ങേറുന്ന സർഗധ്വനിയുടെ ഭാഗമായി ആദ്യ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ആയതിന്റെ ആത്മവിശ്വാസത്തിലാണ് സംഘാടകർ. മൂന്നിന് രാവിലെ 10.30 ന് ബാൻഡ് ഡിസ്‌പ്ലേ മത്സരവും നാലിന് രാവിലെ 11ന് ഔപചാരിക ഉദ്ഘാടനവും ഏഴു മുതൽ ഒമ്പതുവരെ സ്റ്റേജ് മത്സരങ്ങളും നടക്കും. നാലായിരത്തോളം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും.