കൊച്ചി: ഒരൊറ്റ ഓക്‌സിജൻ പാർലറുകൊണ്ട് എറണാകുളം ജനറൽ ആശുപത്രി പ്രതിമാസം ലാഭിച്ചത് ആറുലക്ഷംരൂപ. 2023ൽ പ്രവർത്തനം തുടങ്ങിയ ഓക്‌സിജൻ പാർലർവഴി ഓക്‌സിജൻ ജനറേഷൻ സിസ്റ്റം നടപ്പാക്കിയതോടെയാണിത്. പരമ്പരാഗത ഓക്‌സിജൻ, ദ്രവീകരിച്ച ഓക്‌സിജൻ, ഓക്‌സിജൻ ജനറേഷൻ സിസ്റ്റം എന്നിവയിലൂടെയാണ് ആശുപത്രിയിലേക്കുവേണ്ട ഓക്‌സിജൻ എത്തുന്നത്. ഇപ്പോൾ ഏറെയും ആശ്രയിക്കുന്നത് ഓക്‌സിജൻ ജനറേഷൻ സംവിധാനത്തെയാണ്.
അന്തരീക്ഷത്തിലെ 21ശതമാനം ഓക്‌സിജനെ വലിച്ചെടുത്ത് 98.3 ശതമാനം ശുദ്ധമാക്കിമാറ്റി പ്രത്യേകം തയ്യാറാക്കിയ ലൈനുകളിലൂടെ കടത്തിവിട്ടാണ് ഓക്‌സിജൻ ജനറേഷൻ സംവിധാനം പ്രവർത്തിക്കുന്നത്. താരതമ്യേന ചെലവ് കുറഞ്ഞതാണ് ഈ സംവിധാനം. സാധാരണ താലൂക്ക് ആശുപത്രിയിൽപ്പോലും പ്രതിദിനം 60 ഓക്‌സിജൻ സിലിണ്ടറോളം വേണ്ടിവരും. ഇതിന്റെ ചെലവ് ഏറെയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ജനറൽ ആശുപത്രിയിൽ 2020ൽ ഓക്‌സിജൻ പാർലർ സ്ഥാപിക്കാൻ അനുമതി ലഭിച്ചത്. 2023ലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്.
ഓക്‌സിജൻ ജനറേഷൻ സംവിധാനത്തിനുള്ള 60 ലക്ഷത്തിലേറെ തുക സംസ്ഥാന സർക്കാരാണ് അനുവദിച്ചത്. ഇതിനുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തുക 15 ലക്ഷം ആശുപത്രി വികസന ഫണ്ടിൽനിന്ന് വിനിയോഗിച്ചു.
വാർഡുകളിലും ഓപ്പറേഷൻ തിയേറ്ററുകളിലേക്കുമെല്ലാം ഓക്‌സിജൻ ജനറേഷൻ സിസ്റ്റത്തിലൂടെ ഉത്പാദിപ്പിക്കുന്ന ഓക്‌സിജനാണ് ഉപയോഗിക്കുന്നത്. മെക്കാനിക്കിന്റെയും ഇലക്ട്രീഷ്യന്റെയും മാത്രം സേവനമാണ് വേണ്ടിവരുന്നത്.
കൊവിഡ് സമയത്ത് പല ആശുപത്രികളും പിടിച്ചുനിന്നത് ഓക്‌സിജൻ ജനറേഷൻ സിസ്റ്റത്തിലൂടെയാണ്.
* ഇനി പുതിയ ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ്
ആശുപത്രിയിലെ കാന്റീനോട് ചേർന്ന് പുതിയ ലിക്വിഡ് ഓക്‌സിൻ പ്ലാന്റ് കൂടി സജ്ജമാകുന്നതോടെ ജനറൽ ആശുപത്രി ഓക്‌സിജന്റെ കാര്യത്തിൽ സമ്പൂർണ സ്വയംപര്യാപ്തതയിലേക്ക് എത്തും. 10,000 കിലോലിറ്ററിന്റെ ഓക്‌സിജൻ പ്ലാന്റിലെ ടാങ്കിനുമാത്രം 28 ലക്ഷമാണ് ചെലവ്. പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ആകെ ചെലവ് 50 ലക്ഷവും.
എറണാകുളം ജനറൽ ആശുപത്രി സംസ്ഥാനത്തെ വൻകിട സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിലേക്ക് വളരുകയാണെന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംവിധാനങ്ങൾ.
ഡോ. ഷഹീർഷാ,
സൂപ്രണ്ട്
ജനറൽ ആശുപത്രി