panchayath
ആരക്കുഴ ഗ്രാമപഞ്ചായത്ത് 13-ആം വാർഡ് മുതുകല്ല് കോളനിയിൽ ജില്ലാ ദുരന്തനിവാരണ സംഘം സന്ദർശിക്കുന്നു

മൂവാറ്റുപുഴ: അപകടകരമായ പാറകളും മണ്ണിടിയലും നേരിൽ കണ്ട് മനസിലാക്കാനും പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കാനും ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ മനോജിന്റെ നേതൃത്വത്തിൽ ആരക്കുഴ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ മുതുകല്ല് കോളനി സന്ദ‌ർശിച്ചു. സംഘത്തിൽ ഹസാഡസ് അനലിസ്റ്റ് അഞ്ജലി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആശ, ജില്ലാ ജിയോളജിസ്റ്റ് മഞ്ജു, മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത്ത്, മാറാടി വില്ലേജ് ഓഫീസർ സൈജു ജോർജ് എന്നിവരുമുണ്ടായിരുന്നു. ഭൂമി ശാസ്ത്രപരമായ അപകട സാദ്ധ്യതകളും പ്രദേശവാസികളുടെ ആശങ്കയും ദുരിതവും സംഘം നേരിട്ട് കണ്ട് മനസിലാക്കി. ഏതാണ്ട് 50 വർഷങ്ങൾക്ക് മുമ്പ് സർക്കാർ പതിച്ചു നൽകിയ ഭൂമിയിലെ ലക്ഷം വീടുകൾ പലതും ജീർണാവസ്ഥയിലാണെന്നും പ്രദേശത്ത് എല്ലാ മഴക്കാലത്തും കല്ലും മണ്ണും ഉരുളുന്നതും ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വരുന്നതും പതിവാണെന്നും ഇക്കാര്യത്തിൽ പഞ്ചായത്തിന് പരിമിതികളുണ്ടെന്നും പ്രസിഡന്റ് ജാൻസി മാത്യു വിശദീകരിച്ചു. അപകടകരമായ പാറകൾ നീക്കം ചെയ്യുന്നത് സാദ്ധ്യമല്ലാത്ത സാഹചര്യത്തിൽ ഇവർക്കായി പുനരധിവാസ പാക്കേജ് തയ്യാറാക്കി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ബിജു തോട്ടു പുറം, വാർഡ് മെമ്പർ ലസിത മോഹനൻ, സാബു പൊതുർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ് എന്നിവർ സന്നിഹിതരായിരുന്നു