കൊച്ചി: കേരളകൗമുദി സംഘടിപ്പിക്കുന്ന പത്രാധിപർ കെ. സുകുമാരൻ അനുസ്മരണവും പത്രാധിപർ പുരസ്‌കാര വിതരണവും ചോറ്റാനിക്കര ബ്യൂറോ ഉദ്ഘാടനവും ഇന്ന് നടക്കും. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ വൈകിട്ട് അഞ്ചിന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊച്ചി-തൃശൂർ യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷനാകും. കെ. ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, അനൂപ് ജേക്കബ് തുടങ്ങിയവർ സംസാരിക്കും.

കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ പുരസ്‌കാരം കൊച്ചി യൂണിറ്റിൽ കാലടി ലേഖകൻ ഷാജി കാലടി, തൃശൂർ യൂണിറ്റിൽ കൊടുങ്ങല്ലൂർ ലേഖകൻ കെ.എം. മൈക്കിൾ എന്നിവർക്ക് മന്ത്രി സമ്മാനിക്കും.

ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവു തെളിയിച്ച ഇലഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം മാജി സന്തോഷ്, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം റെഞ്ചി കുര്യൻ, ബി.കെ സ്‌ക്വയർ ഇന്റർനാഷണൽ സി.ഇ.ഒ എ.എസ്. ബാലഗോപാൽ, പാചകവിദഗ്ദ്ധൻ മധുരക്കോട്ടിൽ അശോകൻ, ബാലസാഹിത്യകാരൻ പ്രശാന്ത് വിസ്മയ, കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രോജക്ട് ഡയറക്ടറും ചീഫ് ട്രെയിനറുമായ ഫ്രാൻസിസ് മൂത്തേടൻ, രാഷ്ട്രീയരംഗത്തെ സജീവ സാന്നിദ്ധ്യവും എൻ.സി.പി (എസ്) ജില്ലാ ജനറൽ സെക്രട്ടറിയുമായ എം.എം. പൗലോസ് തുടങ്ങിയവരെ മന്ത്രി ആദരിക്കും. കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും സീനിയർ മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ് നന്ദിയും പറയും.