കിഴക്കമ്പലം: ട്വന്റി 20യുടെ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ട്വന്റി 20യിൽ നീക്കം സജീവമായി. ഭരണകക്ഷിക്കുള്ളിലെ പടല പിണക്കങ്ങളാണ് കാലാവധി പൂർത്തിയാകും മുമ്പ് പ്രസിഡന്റിനെ മാറ്റുന്ന ഘട്ടത്തിലേക്കെത്തിയിരിക്കുന്നത്. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ചേരിപ്പോര് തുടങ്ങിയിട്ട് നാളുകളായി. അതിനിടയിലാണ് പ്രസിഡന്റ് രാജി വയ്ക്കണമെന്ന നിർദ്ദേശം ട്വന്റി 20 ഹൈപവർ കമ്മിറ്റിയെടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാജി നൽകാനാണ് നേതൃത്വം പ്രസിഡന്റിന് നിർദ്ദേശം നൽകിയത്. എന്നാൽ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് ഇല്ലാത്തതിനാൽ രാജിക്കത്ത് കൈമാറാനായില്ല. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ മുമ്പാകെ രാജിക്കത്ത് നൽകണമെന്ന നിർദ്ദേശം ട്വന്റി 20 ഹൈ പവർ കമ്മിറ്റി വച്ചെങ്കിലും പ്രസിഡന്റ് അംഗീകരിച്ചില്ല. ഇതോടെ തിരിച്ച് വീട്ടിലേക്ക് മടങ്ങിയ പ്രസിഡന്റിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കം പരാജയപ്പെട്ടതോടെയാണ് അവിശ്വാസം കൊണ്ടുവരാൻ നീക്കം തുടങ്ങിയത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ ട്വന്റി20 11, യു.ഡി.എഫ് 5, എൽ.ഡി.എഫ് 2 എന്നിങ്ങനെയാണ് കക്ഷി നില.