
കൊച്ചി: കോട്ടയം-എറണാകുളം റൂട്ടിലെ രാവിലെയുള്ള പാലരുവി, വേണാട് എക്‌സ്പ്രസിലെ ദുരിത യാത്രയ്ക്ക് പരിഹാരമായി പുതിയ മെമു സർവീസ് എത്തും. റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, മെമ്പർ- ട്രാഫിക് എന്നിവരെ കണ്ട് സംസാരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. വേണാട് എക്‌സ്പ്രസിലെ തിരക്കിൽ രണ്ട് സ്ത്രീകൾ ശ്വാസം ലഭിക്കാതെ മോഹാലസ്യപ്പെട്ട് വീണതിന്റെ സാഹചര്യത്തിലാണ് അടിയന്തരമായി മന്ത്രിമാരെ കണ്ട് കൊടിക്കുന്നിൽ സുരേഷ് സംസാരിച്ചത്. സംഭവത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിപുലമായ ആസൂത്രണം
രണ്ട് ട്രെയിനുകൾക്കിടയിൽ പുതിയ സർവീസ് ആരംഭിക്കുമ്പോൾ റെയിൽവേയ്ക്ക് ട്രാക്ക് ലഭ്യത, സ്റ്റോപ്പ് സമയം, റേക്ക്, എൻജിൻ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കണം. പുതിയ മെമു അനുവദിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് റെയിൽവേ മന്ത്രാലയം കത്ത് നൽകിയിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പുതിയ മെമു അനുവദിക്കാനുള്ള റേക്ക് സതേൺ റെയിൽവേയ്ക്കില്ല.
പുനലൂരിൽ നിന്ന് മെമു
പുനലൂരിൽ നിന്ന് കോട്ടയം വഴി എറണാകുളത്തേക്കുള്ള ട്രെയിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇത് വരുന്നതോടെ യാത്രാക്ലേശം കുറയും. പുതിയ മെമു എറണാകുളത്ത് ജോലി ചെയ്യുന്നവരുടെ സ്ഥിരം ആവശ്യമാണ്. മാത്രമല്ല എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ട്രെയിനാവണമെന്നതും ആവശ്യം മുന്നോട്ട് വയ്ക്കുന്നു.
വേണാട് എക്സപ്രസിലെ യാത്രക്കാരുടെ ദുരിതം കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹത്തെ കാണിച്ചു. പുതിയ മെമു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടി ഉണ്ടാകും
കൊടിക്കുന്നിൽ സുരേഷം എം.പി
യാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് വേണാട് അടക്കമുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നത്. കാലുകുത്താൻ പോലുമിടമില്ല. പുതിയ ട്രെയിൻ അത്യന്താപേക്ഷിതമാണ്
ജെ. ലിയോൺസ്
സെക്രട്ടറി
ഫ്രണ്ട്സ് ഓൺ റെയിൽ
യാത്രക്കാർക്ക് ആശ്വസിക്കാം
വേണാട് എക്‌സ്പ്രസിലെ തിരക്കിൽ രണ്ട് സ്ത്രീകൾ ശ്വാസം ലഭിക്കാതെ മോഹാലസ്യപ്പെട്ട് വീണതിന്റെ സാഹചര്യത്തിലാണ് തീരുമാനം
ഒരുമാസത്തിനുള്ളിൽ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷ.
റിപ്പോർട്ട് നൽകി റെയിൽവേ മന്ത്രാലയം പുതിയ റേക്ക് അലോട് ചെയ്താൽ മാത്രമേ പുതിയ മെമു വരുന്നതിനെ പറ്റി അന്തിമ തീരുമാനം ഉണ്ടാകൂ.
വർഷങ്ങളായി പുതിയ ട്രെയിനുകൾ ഒന്നും കേരളത്തിന് അനുവദിച്ചിട്ടുമില്ല.