പറവൂർ: പുതിയ ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് വടക്കേക്കര വില്ലേജ് ജനകീയ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും സർക്കാരിന്റെ പൈതൃക സംരക്ഷണ ടൂറിസം സംരംഭങ്ങൾ നിലകൊള്ളുന്നതുമായ പട്ടണം വൻതോതിൽ വിനോദസഞ്ചാരികൾ എത്തിചേരേണ്ട പ്രദേശമാണ്. ഇവിടെ അടിപ്പാത നിർമിച്ചില്ലെങ്കിൽ വിനോദ സഞ്ചാരികൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കും. വില്ലേജ് പരിധിയിൽ വ്യാപകമായി പുഴ കയ്യേറി നികത്തിയെടുത്തിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസർ കെ.എസ്. സന്ധ്യ മനോജ് അദ്ധ്യക്ഷയായി. സി.വി. ബോസ്(സി.പി.ഐ) കെ.കെ. അബ്ദുല്ല (മുസ്ലിംലീഗ്), സി.എം. ലിഗോഷ് (ബി.ജെ.പി)എന്നിവർ സംസാരിച്ചു.