
കൊച്ചി: മകളുടെ പേരിടൽ ചടങ്ങിന് അലങ്കാര സാധനങ്ങൾ വാങ്ങാൻ പോയ യുവാവും സംസ്ഥാന ഹോക്കിതാരമായ ഭാര്യാ സഹോദരിയും ബൈക്ക് അപകടത്തിൽ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ ഉദിനൂർ ഫാത്തിമ മൻസിലിൽ സൂഫിയാൻ (22),തേവര കോയിത്തറ കോളനി ആനാംതുരുത്ത് വീട്ടിൽ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അർദ്ധരാത്രി തേവരയിലേക്ക് പോകുമ്പോൾ ലൂർദ് പള്ളിക്ക് സമീപമത്ത് വച്ചായിരുന്നു അപകടം.
അമിത വേഗത്തിലായിരുന്ന ബൈക്ക് പള്ളിക്കു സമീപത്തെ വളവിലെ പോസ്റ്റിലിടിച്ച് ഭക്ഷണശാലകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊച്ചിയിലെ കടയിൽ ജ്യൂസ് മേക്കറായിരുന്നു സൂഫിയാൻ ഇവിടെവച്ചാണ് മീനാക്ഷിയുടെ സഹോദരി മാളവികയെ പരിചയപ്പെട്ടത്. ഒരുവർഷം മുമ്പായിരുന്നു വിവാഹം. തേവരയിൽ മാളവികയുടെ വീട്ടിലായിരുന്നു താമസം.
ആഷിഖ് - സൈഫുനിസ ദമ്പതികളുടെ മകനാണ് സൂഫിയാൻ. സഹോദരൻ ഷിജാസ്. രാജു,ഉമ എന്നിവരാണ് മീനാക്ഷിയുടെ മാതാപിതാക്കൾ. മീനാക്ഷി,സ്വകാര്യ കോളേജിൽ ഫാർമസി കോഴ്സ് പഠിക്കുകയായിരുന്നു.