kothamangalam
കോതമംഗലം മാർത്തോമ പള്ളിയിൽ നടന്ന സർവമത സമ്മേളനം സ്വാമി ശിവബോധാനന്ദ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: മാർത്തോമ ചെറിയപള്ളി അത്ഭുത സിദ്ധികൾ നിറഞ്ഞ ഇടമാണെന്നും മനുഷ്യനെ വേലികെട്ടി തിരിക്കാതെ ഒന്നായിക്കാണണമെന്നും ചെങ്ങന്നൂർ ശ്രീ നാരായണ വിശ്വ ധർമ്മ മഠം മഠാധിപതി സ്വാമി ശിവ ബോധാനന്ദ പറഞ്ഞു. കോതമംഗലം മാർത്തോമ പള്ളിയിലെ 339-ാമത് കന്നി 20 പെരുന്നാളിന്റെ ഭാഗമായി സംഘടിപ്പിച്ച സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലുഷിതമായ മനസും പിരിമുറുക്കവുമായി എത്തുന്ന നാനാജാതി മതസ്ഥർക്ക് അനുഗ്രഹത്തിന്റെ പ്രകാശം ചൊരിയുന്ന അത്ഭുതസിദ്ധി നിലനിൽക്കുന്ന ഇടമാണ് കോതമംഗലം മാർത്തോമ ചെറിയ പള്ളിയെന്നും സ്വാമി ശിവബോധാനന്ദ പറഞ്ഞു. മാർ ബേസിൽ കൺവൻഷൻ സെന്ററിൽ ചേർന്ന സർവമത സമ്മേളനത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള വിവിധ മത വിഭാഗങ്ങളിലെ പ്രതിനിധികൾ പങ്കാളികളായി. മതമൈത്രീ സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ് അദ്ധ്യക്ഷനായി. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വാരപ്പെട്ടി ആർട്ട് ഒഫ് ലിവിംഗ് ജ്ഞാന ക്ഷേത്രം പ്രതിനിധി സാധ്വി ചിൻമയി സർവമത സന്ദേശം നൽകി. മിന മസ്ജിദ് ഇമാം ഷംസുദ്ദീൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. മാർത്തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഡീൻ കുര്യാക്കോസ് എം. പി, എം.എൽ.എമാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ. ദാനി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മാമച്ചൻ ജോസഫ്, സിബി, മതമൈത്രി സംരക്ഷണ സമിതി കൺവീനർ കെ.എ. നൗഷാദ്, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.എ. സോമൻ, പി.ടി. ബെന്നി, പി.കെ. മൊയ്തു, കൊല്ലം പണിക്കർ സരിതാസ് നാരായണൻ നായർ, ഇഞ്ചക്കുടി മൈതീൻ, കെ.പി. ബാബു, സിന്ധു ഗണേഷ്, പി.എ.എം. ബഷീർ, എം.ബി. തിലകൻ, മുൻസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ചെറിയ പള്ളി സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണൻചേരി, എബി ചേലാട്ട്, ഡോ. റോയി മാലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.