കൊച്ചി: തോട്ടം മേഖല സംബന്ധിച്ച നിയമങ്ങൾ ദുർവ്യാഖ്യാനിച്ച് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ നിലപാട് ചില ഉദ്യോഗസ്ഥർ സ്വീകരിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു. തോട്ടം മേഖലയെ സംരക്ഷിക്കുന്ന സർക്കാർ നടപടികളോട് ഉദ്യോഗസ്ഥർ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് ഒഫ് കേരള (എ.പി.കെ)വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമകൃഷ്ണൻ.
വനം വികസന കോർപ്പറേഷൻ പലപ്പോഴും നോക്കുകുത്തിയാകുന്നു. തോട്ടം മേഖലയെ സംരക്ഷിക്കാൻ അഖിലേന്ത്യാ തലത്തിൽ തോട്ടമുടമകളുടെ യോജിച്ച ശബ്ദമുയരണമെന്നും അദ്ദേഹം പറഞ്ഞു.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി. എ.പി.കെ ചെയർമാൻ പ്രിൻസ് തോമസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഉപാസി പ്രസിഡന്റ് കെ. മാത്യു എബ്രഹാം വിശിഷ്ടാതിഥിയായി. എ.പി.കെ വൈസ് ചെയർമാൻ ടി.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി ബി.കെ. അജിത് എന്നിവർ പങ്കെടുത്തു. തോട്ടം തൊഴിലാളികളുടെ മക്കളിൽ മികച്ച വിജയം നേടിയവർക്കുള്ള സ്‌കോളർഷിപ്പുകൾ ചടങ്ങിൽ വിതരണം ചെയ്തു.