
കൊച്ചി: ആർത്തവകാലത്ത് വിദ്യാർത്ഥിനികൾക്ക് ഹാജർ ഇളവു നൽകി ചരിത്രം കുറിച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) അവർക്ക് ഇന്റേണൽ പരീക്ഷയിൽ അധികമാർക്കും നൽകും. ഹാജർനില അടിസ്ഥാനമാക്കി ഒന്നു മുതൽ അഞ്ചു വരെ മാർക്ക് അധികം നൽകാനാണ് അക്കാഡമിക് കൗൺസിലിന്റെ തീരുമാനം.
ആർത്തവദിനങ്ങളിൽ ഹാജരാകാൻ കഴിയാത്തത് പരിഗണിച്ചാണ് ഓരോ സെമസ്റ്ററിലും രണ്ടു ശതമാനം വീതം അധികഹാജർ നൽകാൻ കഴിഞ്ഞവർഷം തീരുമാനിച്ചത്.
ഇന്റേണൽ മാർക്ക് കുറയുന്നതിനാൽ
ഗ്രേസ് മാർക്കുകൂടി വേണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. വിദ്യാർത്ഥി സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. സിൻഡിക്കേറ്റ് അംഗീകരിക്കുകയെന്ന നടപടിക്രമം പൂർത്തിയാക്കി ഈ വർഷം തന്നെ നടപ്പാക്കുമെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു.
ആർത്തവ അവധി നൽകാൻ രാജ്യത്ത് ആദ്യം തീരുമാനിച്ചത് കുസാറ്റാണ്. പിന്നാലെ പല സർവകലാശാലകളും സ്ഥാപനങ്ങളും സമാന തീരുമാനമെടുത്തു.
ഹാജർ നോക്കി
ഗ്രേസ് മാർക്ക്
(ഹാജർ ശതമാനവും ഗ്രേസ് മാർക്കും)
73-78......................1
79-83......................2
84-88......................3
89-93......................4
94ന് മുകളിൽ..... 5
`വിദ്യാർത്ഥിനീസൗഹൃദ നടപടികളുടെ ഭാഗമായാണ് അധികമാർക്ക് നൽകാൻ തീരുമാനിച്ചത്.'
-പി. ശ്രീരാഗ്
വിദ്യാർത്ഥി പ്രതിനിധി
അക്കാഡമിക് കൗൺസിൽ, സിൻഡിക്കേറ്റ്