അങ്കമാലി: രാജ്യത്തെ എല്ലാ തൊഴിൽ മേഖലകളിലും ബാധകമായിട്ടുള്ള 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ ഉറക്കം എന്ന പൊതുതത്വം പുതുതലമുറ കമ്പനികളിലും തൊഴിലിടങ്ങളിലും പ്രാവർത്തികമാക്കാൻ കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് മഹിളാകോൺഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഏറ്റവും കുറച്ച് മനുഷ്യവിഭവം ഉപയോഗിച്ച് പരമാവധി ലാഭം കൊയ്യുക എന്ന കോർപ്പറേറ്റുകളുടെ നയംമൂലം രാജ്യത്തെ തൊഴിലാളികളിൽ പ്രത്യേകിച്ച് യുവതികളിലുണ്ടാകുന്ന മാനസിക സമ്മർദ്ദവും പ്രത്യാഘാതങ്ങളും സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കരുതെന്നും ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അദ്ധ്യക്ഷമായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി, യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ്, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മേരി വർഗീസ്, സെക്രട്ടറിമാരായ ലിസി പോളി, സുഹറ സുലൈമാൻ,​ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, മണ്ഡലം പ്രസിഡന്റുമാരായ സിജി പോൾ, ജെസ്റ്റി ദേവസിക്കുട്ടി, രാജമ്മ വാസുദേവൻ എന്നിവർ പ്രസംഗിച്ചു.