ktmdis

മൂന്ന് ദിവസത്തിൽ 75,000 വാണിജ്യ കൂടിക്കാഴ്ചകൾ ഒരുക്കി കെ.ടി.എം ചരിത്രം സൃഷ്‌ടിച്ചു

കൊച്ചി: മൂന്നുദിവസങ്ങളിൽ 75,000 ലേറെ വാണിജ്യ കൂടിക്കാഴ്ചകളുമായി രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ(കെ.ടി.എം) പന്ത്രണ്ടാം പതിപ്പ് ചരിത്രം സൃഷ്ടിച്ചു.

രണ്ടായിരത്തിലധികം ആഭ്യന്തര ബയർമാരും 75 രാജ്യങ്ങളിലെ 800 രാജ്യാന്തര ബയർമാരും മാർട്ടിനെത്തി. കെ.ടി.എമ്മിന്റെ സോഫ്റ്റ്‌വെയർ വഴി 75,00 കൂടിക്കാഴ്ചകൾ ഒരുക്കാനായെന്ന് സൊസൈറ്റി സെക്രട്ടറി എസ്. സ്വാമിനാഥൻ അറിയിച്ചു.

ക്യു.ആർ കോഡ് സ്‌കാനിംഗിലൂടെ കൂടിക്കാഴ്ചകൾ തീരുമാനിക്കാമെന്നതിനാൽ ആയാസരഹിതവും ലളിതവുമായി ഇടപാടുകൾ നടത്താനായി. മുൻ മാർട്ടിൽ 55,000 വാണിജ്യ കൂടിക്കാഴ്ചകളുണ്ടായിരുന്നു.

കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ നടന്ന മാർട്ട് ഇന്നലെ സമാപിച്ചു. ഒന്നര ലക്ഷം ചതുരശ്ര അടിയിൽ 347 സ്റ്റാളുകളോടെ നടന്ന മേളയിൽ ടൂറിസം മേഖലയിലെ സുപ്രധാന വിഷയങ്ങളിൽ നാല് സെമിനാറുകളും നടന്നു. മൈസ് ടൂറിസം, വെഡിംഗ്, ഹണിമൂൺ ഡെസ്റ്റിനേഷൻ എന്നിവയിലാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യയിലേക്കുള്ള ചുവടുമാറ്റമാണ് ഇത്തവണ കെ.ടി.എമ്മിന്റെ പ്രത്യേകത

ജോസ് പ്രദീപ്

പ്രസിഡന്റ്

കെ.ടി.എം സൊസൈറ്റി