congress-
എടയാറ്റുചാലിലേക്ക് വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ സ്ഥാപിക്കുവാൻ നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിനാട്ടുന്നു

ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറ്റുചാലിലേക്ക് വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു. ഇറിഗേഷൻ വകുപ്പും സോയിൽ കൺസർവേഷനും ചേർന്ന് 4.1 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. എടയാറ്റുചാലിലെ തോടുകൾ വൃത്തിയാക്കാൻ സോയിൽ കൺസർവേറ്റർ വിഭാഗം 1.3 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ തോടുകൾ വൃത്തിയാക്കിയെന്ന് അവകാശവാദം ഉയർത്തുന്നവർ തന്നെ വീണ്ടും ഇതിനായി ഭീമമായതുക വകയിരുത്തുന്നതിൽ ദൂരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. 2.8 കോടി രൂപ ചെലവഴിച്ച് ഇറിഗേഷൻ വകുപ്പാണ് മോട്ടോർ സ്ഥാപിച്ച് ഭൂഗർഭ പൈപ്പിലൂടെയും കനാൽ നിർമ്മിച്ചും വെള്ളം എടയാറ്റു ചാലിൽ എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബർ 15 ന് പദ്ധതിയുടെ ശിലാസ്ഥാപനവും നിശ്ചയിച്ചിട്ടുണ്ട്. പ്രതിഷേധ സമരത്തിന് നാസർ എടയാർ, കെ.എസ്. നന്മ ദാസ്, ടി.എച്ച്. ഷിയാസ്, ഐ.വി. ദാസൻ, ബിന്ദു രാജീവ്, സുബൈർ, ലത്തീഫ് എരമം, മനൂപ് അലി, രാഹുൽജോർജ്, പി.കെ. സുനീർ, ജിനു എന്നിവർ നേതൃത്വം നൽകി.

പാതാളം റെഗുലേറ്റർ 20 ബ്രിഡ്ജിന് സമീപം വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യം അടിഞ്ഞുകൂടുന്ന സ്ഥലത്ത് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോർ സ്ഥാപിക്കരുതെന്നാണ് സമരക്കാരുടെ ആവശ്യം. രാസമാലിന്യം കലർന്ന വെള്ളം കൃഷിയും സമീപ വീടുകളിലെ കിണർ വെള്ളവും നശിപ്പിക്കുമെന്നും സമരക്കാർ ആരോപിക്കുന്നു